Skip to main content
കൊച്ചി

പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ പ്രതികള്‍ക്ക് എറണാകുളത്തെ പ്രത്യേക കോടതി  തടവുശിക്ഷ വിധിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് 14 വര്‍ഷവും അമ്മ സുബൈദ അടക്കമുള്ള നാല് പ്രതികള്‍ക്ക് ഏഴുവര്‍ഷം വീതം തടവുമാണ് വിധിച്ചത്.

 

ഇടനിലക്കാരി ഓമനയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. മനോജ്, സിനിമ നിര്‍മ്മാതാവ് ജനതാ വിജയന്‍, സഹസംവിധായകന്‍ ബിജു നാരായണന്‍ എന്നിവരാണ് ശിക്ഷ ലഭിച്ച മറ്റു പ്രതികള്‍. പ്രതികള്‍ വിവിധ വകുപ്പുകളിലായി 25,000 മുതല്‍ 75,000 രൂപവരെ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് പകരം തടവും വിധിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം അഞ്ചുപേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സിനിമയുടെ സെറ്റില്‍വച്ചായിരുന്നു പീഡനം.

പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഇതില്‍ വിചാരണ പൂര്‍ത്തിയായ ചില കേസുകളില്‍ കോടതി പിതാവ് അടക്കമുള്ളവര്‍ക്ക് നേരത്തെ തടവുശിക്ഷ വിധിച്ചിരുന്നു.