Skip to main content
കൊച്ചി

kseb start up fund

 

കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ട ആറ് ആറ് യുവ സംരംഭകരുടെ നൂതന പദ്ധതികള്‍ക്ക് കെ.എസ്.ഇ.ബി ധനസഹായം നല്‍കും. ഊര്‍ജ്ജോല്‍പാദന, വിതരണ, സംരക്ഷണ മേഖലകളില്‍ അനുയോജ്യമായ ബിസിനസ് മാതൃകകളായി ഇവയെ വികസിപ്പിച്ചെടുക്കുന്നതിനാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി സഹകരിച്ച് കെ.എസ്.ഇ.ബിയുടെ മേല്‍നോട്ടത്തിലുള്ള ഇന്നൊവേഷന്‍ സോണ്‍ മുഖേന സഹായങ്ങള്‍ നല്‍കുക.

 

പദ്ധതികളുടെ പ്രഥമമാതൃകകള്‍ ഉണ്ടാക്കി പ്രവര്‍ത്തിപ്പിക്കുന്നതിന് ധനസഹായമായി ഒന്നര കോടി രൂപയാണ് കെ.എസ്.ഇ.ബി മാറ്റിവച്ചിരിക്കുന്നത്. ശനിയാഴ്ച സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട മൂന്നു പദ്ധതികള്‍ക്കുള്ള ധനസഹായവിതരണം നടത്തി. 2013 ജൂലൈയിലാണ് എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണ്‍ തുറന്നത്.

 

ആകെ 41 അപേക്ഷകളില്‍ നിന്നാണ് ആറ് പദ്ധതികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. വരുണ്‍ കുറുപ്പ് വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് പവര്‍ മെഷീന്‍, സുരിഷിന്റെ എക്കോ സോളാര്‍ വാട്ടര്‍ പമ്പ്, ഷാജി വി.വിയുടെ ഡ്രൈവ് ആന്‍ഡ് റാക്ക് സിസ്റ്റം ഫോര്‍ ഓഷ്യന്‍, അജയുടെ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റ്, വിമല്‍ ഗോപാലിന്റെ ഹൈഡ്രജന്‍ സ്റ്റൗ, ദുര്‍ഗാ പ്രസാദിന്റെ എനര്‍ജി ഫ്രം ഫ്‌ളോയിംഗ് വാട്ടര്‍ എന്നീ പദ്ധതികളാണ് ശനിയാഴ്ച നടന്ന സ്‌ക്രീനിംഗില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

 

പ്രൊജക്ട് അപ്രൈസല്‍ കമ്മിറ്റിക്കു മുമ്പാകെ അവതരിപ്പിക്കപ്പെട്ട പദ്ധതികളില്‍ നിന്ന് കെ.എസ്.ഇ.ബി ഉന്നതോദ്യോഗസ്ഥരും സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രതിനിധികളും ഉള്‍പ്പെട്ട മേല്‍നോട്ട സമിതിയാണ് അവസാനവട്ട തെരഞ്ഞെടുപ്പ് നടത്തിയത്. അനുയോജ്യമായ പദ്ധതികളായി വികസിപ്പിച്ചെടുക്കാന്‍ സാധ്യതകളുള്ള അവസാനവര്‍ഷ ബി.ടെക് വിദ്യാര്‍ഥികളുടെ പത്ത് പ്രൊജക്ടുകള്‍ക്ക് ഇന്നൊവേഷന്‍ സോണ്‍ പ്രാഥമിക ധനസഹായം (സീഡ് ഫണ്ട്) നല്‍കുമെന്നും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.

 

ഇവ അനുയോജ്യമായ ബിസിനസ് മാതൃകയായി വികസിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ വൈദ്യുതി ബോര്‍ഡ് അവയുടെ പ്രചരണം സംസ്ഥാനത്ത് ഏറ്റെടുത്തു നടപ്പാക്കും. പോയിന്റ്5ടെക്‌നോളജീസിന്റെ ആര്‍വോ പവര്‍ ജനറേഷന്‍ സ്‌കീം, പൈബീം ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വാഭാവിക ലൈറ്റിംഗ് സംവിധാനമായ ലൈറ്റ്ഷാഫ്റ്റ്, ടെക്ക്രാഫ്റ്റ് ഇന്നൊവേഷന്‍സിന്റെ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ടര്‍ബൈന്‍ രഹിത സാങ്കേതിക വിദ്യയായ ആന്‍വിന്റേറ്റര്‍ എന്നിവയായിരുന്നു കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടവ.