Skip to main content
തിരുവനന്തപുരം

 

കേരളത്തിലെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡി.ഐ.ജി എസ്. ശ്രീജിത്ത് തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് കൈമാറി. എന്നാല്‍ റിപ്പോര്‍ട്ടില്‍ മനുഷ്യക്കടത്ത് എന്ന പരാമര്‍ശമില്ല. അന്യസംസ്ഥാനത്ത് നിന്നും കുട്ടികളെ കൊണ്ട് വന്ന സംഭവം മനുഷ്യകടത്താണെന്നാണ് ആദ്യം പറഞ്ഞത് ഡി.ഐ.ജി ശ്രീജിത്ത് ആയിരുന്നു. ഇത് സംസ്ഥാനത്ത് വന്‍വിവാദത്തിന് കാരണമായിരുന്നു. കൂടാതെ പ്രസ്താവനക്കെതിരെ മുസ്ലീം സംഘടനകളും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തിയിരുന്നു.

 

മനുഷ്യക്കടത്തിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് മനുഷ്യാവകാശ കമ്മീഷന് ശ്രീജിത്ത് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട്. സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നും ഇവര്‍ പഠനശേഷം എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിന് ഒരു വിവരവും ഇല്ലെന്നും അനാഥാലയങ്ങള്‍ക്ക് വരുന്ന ഫണ്ടുകളെ കുറിച്ചും സര്‍ക്കാര്‍ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

മെയ് 24-നാണ് പാലക്കാട് ട്രെയിനില്‍ വെച്ച് പോലീസ് വിവിധ ഓര്‍ഫനേജുകളിലേക്ക് കൊണ്ട് വന്ന 466 ഓളം കുട്ടികളെ പിടികൂടിയത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്‌റ്റേഷനില്‍ പാട്ന എറണാകുളം എക്‌സ്പ്രസ്സിലെത്തിയ കുട്ടികളെയും ഒപ്പമുള്ളവരെയും പോലീസ് പിടികൂടുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടികളെ അവരവരുടെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു