Skip to main content
തിരുവനന്തപുരം

human traficking

 

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ രേഖകളില്ലാതെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും എന്നാല്‍ അനാഥാലയങ്ങള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മന്ത്രിസഭയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗം.

 

അനാഥാലയങ്ങള്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ലക്ഷ്യത്തിനൊപ്പം മാര്‍ഗ്ഗവും സുതാര്യമായിരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനാഥാലയങ്ങളുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് എല്ലാ നിയമപരിശോധനയും നടത്തുമെന്നും അവ്യക്തത ഉണ്ടെങ്കില്‍ നീക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പാലക്കാട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് നടപടിയെടുത്തതെന്നും ഇതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും യോഗം വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

അതേസമയം, സംഭവം മനുഷ്യക്കടത്താണെന്ന് കുട്ടികളെ സന്ദര്‍ശിച്ച ജാര്‍ഖണ്ഡ് ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പും മനുഷ്യാവകാശ കമ്മീഷനും സമാന നിലപടെടുത്തിരുന്നു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

എന്നാല്‍, മുസ്ലിം ലീഗും മറ്റ് മുസ്ലിം സംഘടനകളും ഈ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് രംഗത്ത് വന്നതിനെ തുടര്‍ന്നാണ്‌ പ്രത്യേക യോഗം ചേര്‍ന്നത്. മനുഷ്യക്കടത്ത് ആരോപിച്ചുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ചതെങ്കിലും ആഭ്യന്തര വകുപ്പിനേയും മന്ത്രി രമേശ്‌ ചെന്നിത്തലയേയും വിമര്‍ശിച്ചു കൊണ്ടുള്ള നിലപാടാണ് സി.പി.ഐ.എമ്മും കൈക്കൊണ്ടത്.  

 

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‍ കൊണ്ടുവന്ന 580 കുട്ടികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസ് മോചിപ്പിച്ചിരുന്നു. മേയ് 24, 25 തിയതികളില്‍ രണ്ട് സംഘമായി കൊണ്ടുവന്ന കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന എട്ടുപേരെ ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍  അറസ്റ്റ് ചെയ്തിട്ടുണ്ട്.