Skip to main content
കൊച്ചി

nasscom product conclaveരാജ്യത്തെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം) സംഘടിപ്പിക്കുന്ന നാസ്‌കോം പ്രൊഡക്ട് കോണ്‍ക്ലേവിന് ഇത്തവണ കൊച്ചി വേദിയാകും. ആദ്യമായാണ് ഈ പരിപാടി കേരളത്തിലെത്തുന്നത്. മെയ് 30-ന് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലിലായിരിക്കും എന്‍.പി.സി കൊച്ചിന്‍ 2014 നടക്കുക.

 

ഇന്ത്യയിലെ സാങ്കേതിക മേഖലയിലെ നേതൃനിരയിലുള്ളവരുടെയും ഉയര്‍ന്നു വരുന്ന കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും സംഗമമായ ഈ പരിപാടി കേരളത്തിന്റെ വിവരസാങ്കേതിക മേഖലയ്ക്ക് പുതിയ ഉണര്‍വ്വു പകരുമെന്ന് കരുതപ്പെടുന്നു. ബെംഗലൂരു, ഹൈദരാബാദ്, പൂനെ തുടങ്ങി സോഫ്റ്റ്‌വെയര്‍ ബിസിനസ് രംഗത്തെ പ്രമുഖ നഗരങ്ങളിലാണ് ഇതിനു മുമ്പ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. ഇപ്പോള്‍ കൊച്ചിയിലേക്കെത്തുമ്പോള്‍ ഇന്ത്യയിലെ മികച്ച ഐ.ടി ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കൊച്ചി വളരുന്നതിനുള്ള അംഗീകാരം കൂടിയായി ഇതു മാറുകയാണ്.

 

വിവര സാങ്കേതിക വകുപ്പിനു കീഴിലുള്ള കേരള ഐ.ടിയാണ് ഈ വാര്‍ഷിക സംഗമത്തിന്റെ പ്രധാന പ്രായോജകര്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അറിവുകള്‍ പങ്കിടാനും വിപണിയും സുരക്ഷിതമായ ഫണ്ടിംഗും ഉറപ്പാക്കുന്നതിനുമുള്ള ഇടം കൂടിയായിരിക്കും ഈ കോണ്‍ക്ലേവ്. 150-ലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നു കരുതുന്ന കോണ്‍ക്ലേവില്‍ രാജ്യത്തെല്ലായിടത്തു നിന്നുമുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍, വെഞ്ച്വര്‍ ക്യാപ്പിലിസ്റ്റുകള്‍, വളര്‍ന്നുവരുന്ന ഐടി സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സംഗമമാണ് നടക്കുക.