Skip to main content
കോട്ടയം

 

ഓർത്തഡോക്സ് സഭയുടെ മുൻ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു. 94 വയസ്സായിരുന്നു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് 7.30നായിരുന്നു അന്ത്യം. ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ബാവയുടെ ഭൗതികശരീരം ഇന്ന് പൊതുദർശനത്തിന് വെക്കും. സംസ്കാരം ബുധനാഴ്ച്ച രാവിലെ 11-ന്പത്തനാപുരം മൗണ്ട് തബോർ ദയറയിൽ നടക്കുമെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു.

 

അഞ്ചുവര്‍ഷം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷസ്ഥാനം വഹിച്ച അദ്ദേഹം 2010 ഒക്ടോബര്‍ 30-ന് ആയിരുന്നു സ്ഥാനത്യാഗം ചെയ്തത്. മലങ്കരയിലെ ഏഴാമത്തെ പൗരസ്ത്യകാതോലിക്കയും 20-മത്തെ മലങ്കര മെത്രാപ്പോലീത്തയുമാണ് ദിദിമോസ് ബാവ. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ കബറടക്ക ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.

 

1921 ഒക്ടോബര്‍ 29-ന് തിരുവല്ലയ്ക്കടുത്ത് നെടുമ്പുറത്ത് മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റെയും ശോശാമ്മയുടെയും മകനായി ജനിച്ചു. കോട്ടയം സി.എം.എസ്. കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായശേഷം തിരുച്ചിറപ്പള്ളി നാഷണല്‍ കോളേജ്, മദ്രാസ് മാസ്റ്റണ്‍ ട്രെയിനിങ് കോളേജ്, കാണ്‍പൂര്‍ ക്രൈസ്റ്റ് ചര്‍ച്ച് കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിവിധ ബിരുദങ്ങള്‍ കരസ്ഥമാക്കി.

 

1939-ല്‍ പത്തനാപുരം മൗണ്ട്താബോര്‍ ദയറയില്‍ അംഗമായി സന്ന്യാസ ജീവിതം ആരംഭിച്ചു. 1950 ജനവരി 25-ന് ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വൈദികപട്ടം നല്കി. 1965 മെയ് 16-ന് ബസേലിയോസ് ഔഗേന്‍ ബാവയില്‍നിന്ന് റമ്പാന്‍ സ്ഥാനമേറ്റു. 1965 ഡിസംബര്‍ 28ന് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1966 നവംബര്‍ 11-ന് മലബാര്‍ ഭദ്രാസനാധിപനായി. 39 വര്‍ഷം ഭദ്രാസനഭരണച്ചുമതല വഹിച്ചു.

 

1992 സെപ്തംബര്‍ 10-ന് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുക്കപ്പെട്ടു. മാത്യൂസ് ദ്വിതീയന്‍ ബാവ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് 2005 ഒക്ടോബര്‍ 29-ന് കാതോലിക്കാബാവയായി. ഒക്ടോബര്‍ 31-ന് ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ എന്നപേരില്‍ വാഴിക്കപ്പെട്ടു. 2010 ഒക്ടോബര്‍ 29-ന് 89 വയസ്സ് പൂര്‍ത്തിയായ വേളയില്‍ സ്ഥാനത്യാഗം പ്രഖ്യാപിച്ചു.

 

അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് നാല് അസോസിയേഷന്‍ യോഗങ്ങളില്‍ അദ്ധ്യക്ഷതവഹിച്ചു. ഏറ്റവും കൂടുതല്‍ മേല്‍പ്പട്ടക്കാരെ വാഴിച്ച് ചരിത്രം കുറിച്ചു.14 പേരെയാണ് അദ്ദേഹം വാഴിച്ചത്. വനിതകള്‍ക്ക് പള്ളിപ്പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്കിയതും ബാവയുടെ കാലത്താണ്. സഭ ഒരാഴ്‌ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.