ബാര്‍ ലൈസന്‍സ് കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസും ജസ്റ്റിസ് ആന്റണി ഡൊമിനിക്കുമാണ് പിന്മാറിയത്. എന്നാല്‍ പിന്മാറുന്നതിന് കാരണമെന്നും ഇരുവരും വ്യക്തമാക്കിയിട്ടില്ല. ബാർ ലൈസൻസുമായി ബന്ധപ്പെട്ട് സമാനസ്വഭാവമുള്ള മറ്റ് കേസുകളും ബഞ്ച് പരിഗണിക്കുന്നില്ലെന്നും ജഡ്ജിമാർ അറിയിച്ചു.
നേരത്തെ ബാര്‍ ലൈസന്‍സ് കേസില്‍ വിധി പറയാനിരിക്കെ ജസ്റ്റിസ് രവികുമാര്‍ പിന്മാറിയത് ഏറെ ചര്‍ച്ചയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ വീട്ടിലെത്തിയ വേളയില്‍ കേസിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചതിനാല്‍ പിന്മാറുന്നുവെന്നായിരുന്നു ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കിയത്. പകരം കേസ് പരിഗണിച്ച ജസ്റ്റിസ് ചിലമ്പരേശ്വറിന്റെ ബഞ്ച് ബാര്‍ ഉടമകളുടെ ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് ബാര്‍ ഉടമകള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.