Skip to main content
സുമ കൊല്ലം

keam entrance

 

എഞ്ചിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന ഒരു കുട്ടി പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് പ്ലസ്സ് ടുവിൽ സി.ബി.എസ്.ഇ സിലബസ് എടുക്കണമോ അതോ (കേരള) സംസ്ഥാന സിലബസ് എടുത്ത് പഠിക്കണമോ എന്നത് ഒരു നിര്‍ണ്ണായക ചോദ്യമായി മാറിയിരിക്കുകയാണ്. കേരളത്തിൽ എഞ്ചിനീയറിംഗ് ഉപരിപഠനമായി എടുക്കാൻ ഉദ്ദേശിക്കുന്ന ഒരു കുട്ടിക്ക് പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മാത്രം പോരാ പ്രവേശനം കിട്ടാൻ. ഇതിന്റെ കൂടെ പ്ലസ് ടുവിലെ സയന്‍സ് വിഷയങ്ങളിലേയും കണക്കിലേയും മാർക്ക് കൂടി പരിഗണിക്കുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. ഇപ്പോൾ എഞ്ചിനീയറിംഗ് പ്രവേശനത്തിന് സംസ്ഥാന സിലബസിന്റേയും സി.ബി.എസ്.ഇ സിലബസിന്റേയും അക്കാദമിക് തുല്യത പരിഗണിക്കുന്നത് പ്ലസ് ടു മാർക്കിന്റെ നോർമലൈസേഷൻ വഴിയാണ്. പ്രൊഫഷണൽ രംഗത്തെ മേൻമ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണല്ലോ എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പരിഗണിക്കുന്നത്. അക്കാദമിക മികവ് പുലർത്തലിന്റെ തുല്യതയ്ക്കു വേണ്ടി പ്ലസ് ടുവിൽ സംസ്ഥാന സിലബസിലും സി.ബി.എസ്.ഇയിലും ഒരേ പാഠപുസ്തകങ്ങൾ ആണുള്ളത്. പക്ഷേ, യഥാർഥ അക്കാദമിക്ക് തുല്യത ആഗ്രഹിക്കുന്നുവെങ്കിൽ സിലബസും പാഠപുസ്തകവും ഒന്നാക്കിയാൽ മാത്രം പോരാ, മൂല്യനിർണ്ണയത്തിന്റെ പ്രധാന മാനദണ്ഡമായ ചോദ്യപ്പേപ്പറിലും അതിന്റെ മൂല്യനിർണ്ണയത്തിലും സമാനത നിലനിർത്തണം.

 

സംസ്ഥാന സിലബസ്സിൽ പഠിക്കുന്ന (ശരാശരിക്കു മുകളിലുള്ള) ഒരു കുട്ടിക്ക്  എല്ലാ വിഷയത്തിലും എ-പ്ലസ്സ് കിട്ടാൻ  ഇന്നത്തെ സാഹചര്യത്തിൽ അധികം ബുദ്ധിമുട്ടേണ്ടിവരില്ല. ഇനി അഥവാ ഒരു വിഷയത്തിൽ എ-പ്ലസ്സ് ഇല്ലെങ്കിൽ പ്രൊജക്ട് മാർക്ക് അല്ലെങ്കിൽ ഗ്രേസ് മാർക്ക് വഴി  അത് എളുപ്പത്തിൽ നേടാവുന്നതാണ്.  ഉത്തരക്കടലാസ്സും ഇവിടെ അവ്വിധത്തിലാണ് മൂല്യനിർണ്ണയം ചെയ്യുന്നത്. അതേസമയം സി.ബി.എസ്.ഇ സിലബസ്സിൽ പഠിക്കുന്ന കുട്ടിക്ക് പരീക്ഷാ ചോദ്യപ്പേപ്പറിൽ തന്നെ സെറ്റ് വൺ, സെറ്റ് ടു, സെറ്റ് ത്രീ എന്ന വ്യത്യാസമുണ്ട്. അതു കൂടാതെ ഉത്തരക്കടലാസ്സിന്റെ മൂല്യനിർണ്ണയം വേറേ സംസ്ഥാനത്താണ് നടത്തുന്നത്. അതുതന്നെ ഇരട്ട മൂല്യനിർണ്ണയവും. ഇതെല്ലാം കഴിഞ്ഞിട്ട് കിട്ടുന്ന മാര്‍ക്ക് ഉപയോഗിച്ചാണ് സി.ബി.എസ്.ഇ വിദ്യാർഥിയുടെ മികവ് നോർമലൈസേഷൻ വഴി താരതമ്യം ചെയ്യപ്പെടുന്നത്.

 

രണ്ടാമത്തെ കാര്യം പ്രവേശന പരീക്ഷയിലെ മാര്‍ക്കിനോട് കാണിക്കുന്ന തരംതിരിവാണ്. ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യത്തിന് ഉത്തരമെഴുതാൻ വിവരണാത്മക ചോദ്യത്തിന് ഉത്തരമെഴുതുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. കാരണം വശത്താക്കുന്ന വിജ്ഞാനത്തിൽ കൃത്യത വരുത്തി കുറഞ്ഞ സമയത്തിനുള്ളിൽ പ്രയോഗിച്ചാണ് വിദ്യാർഥികൾ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. എന്നാലിപ്പോൾ കെ.ഇ.എ.എമ്മില്‍ പ്രവേശന പരീക്ഷയിലെ മാര്‍ക്കിന് വെയിറ്റേജ് കുറച്ചാണ് എടുക്കുന്നത്. ഇതും വിദ്യാർഥികളുടെ മികച്ച കോളേജുകളിലേക്കുള്ള പ്രവേശനത്തെ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്.

 

മൂന്നാമത്തെ കാര്യം അലോട്ട്‌മെന്റ് രണ്ടാക്കി കുറച്ചിരിക്കുന്നതാണ്. ആദ്യം നാല് അലോട്ട്‌മെന്റ് ഉണ്ടായിരുന്നു. ഇതു രണ്ടാക്കി കുറച്ചതു മൂലം പല വിദ്യാർഥികൾക്കും സർക്കാർ കോളേജിലെ പ്രവേശനം അസാധ്യമായിത്തീരുന്നു. ഇതുകൂടാതെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു തന്നെ ഐ.ഐ.ടികള്‍, എൻ.ഐ.ടികള്‍, ബിറ്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവേശനം കിട്ടിയ കുട്ടികൾക്ക് കേരളാ പ്രവേശന പട്ടികയിൽ നിന്ന് അവരുടെ പേര് റദ്ദാക്കാന്‍ അവസരം ലഭിക്കുന്നതിന് മുൻപാണ്. അതിനാൽ ആ സർക്കാർ സീറ്റ് പോലും അർഹിക്കുന്ന വിദ്യാർഥികൾക്ക് ലഭ്യമല്ലാതെ പോകുന്നു.

 

ഈ കാര്യങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തേണ്ടത് പുതിയ തലമുറയുടെ അക്കാദമിക് മികവിനെക്കുറിച്ച്  ചിന്തിക്കുന്നവരാണ്. സംസ്ഥാന സിലബസിനോടുള്ള അവഗണനയോ സി.ബി.എസ്.സി സിലബസിനോടുള്ള പരിഗണനയോ അല്ല ഈ വിഷയത്തില്‍ മാനദണ്ഡമാകേണ്ടത്. താഴെപ്പറയുന്ന ചില നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ പരിഗണനീയമാണ്.

1. സംസ്ഥാന തലത്തിൽ പ്രൊഫഷണൽ കോഴ്സുകളില്‍ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ഒഴിവാക്കുക.

2. പ്രവേശന പരീക്ഷയിലെ മാര്‍ക്കിന് കൂടുതൽ വെയിറ്റേജ് കൊടുക്കുക.

3. നാല് അലോട്ട്‌മെന്റുകൾ പ്രവേശനത്തിന് ഉറപ്പാക്കുക.

4. ഐ.ഐ.ടിയിലും എൻ.ഐ.ടിയിലും പ്രവേശനം കിട്ടിയ വിദ്യാർഥികൾക്ക് അവരുടെ ഓപ്ഷൻ റദ്ദാക്കാന്‍ അവസരം കൊടുക്കുന്ന രീതിയില്‍ കെ.ഇ.എ.എം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.