രജനികാന്തിന്റെ പുതിയ ചലച്ചിത്രം കൊച്ചടയാന് നാളെ തിയ്യറ്ററുകളില്‍ എത്തില്ല. മേയ് 23 ആണ് പുതിയ റിലീസ് തിയതി. മേയ് ഒന്‍പതിന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ചലച്ചിത്രത്തിന്റെ ആഗോള വിതരണക്കാരായ ഇറോസ് ഇന്റര്‍നാഷണല്‍ ആണ് ബുധനാഴ്ച റിലീസ് നീട്ടുന്നതായി അറിയിച്ചത്. ഏതാനും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടെന്ന കാരണമാണ് കമ്പനി നല്‍കുന്നത്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രജനികാന്ത് ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരില്‍ നിരാശ ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ വൈകല്‍. ജനുവരി പകുതിയില്‍ പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീടത് ഏപ്രില്‍ പകുതിയിലെ തമിഴ് പുതുവര്‍ഷമായി മാറി. എന്നാല്‍ അന്നും പടം മാത്രം വന്നില്ല.
കഴിഞ്ഞ ദിവസം രജനികാന്ത് ട്വിറ്ററില്‍ അക്കൌണ്ട് തുറന്നത് ചിത്രം ഈയാഴ്ച തന്നെ പുറത്തിറങ്ങും എന്ന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന നിമിഷം പടം നീട്ടിയത് വീണ്ടും ആരാധകര്‍ക്ക് നിരാശയാകും. രജനികാന്ത് ചിത്രത്തിനൊപ്പം റിലീസ് ചെയ്യാതെ തങ്ങളുടെ ചിത്രങ്ങള്‍ നീട്ടിവെക്കുന്ന നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ചിത്രത്തിന്റെ തുടര്‍ച്ചയായ വൈകല്‍ തിരിച്ചടി ആകുന്നുണ്ട്.
രജനികാന്തിന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ് നായിക.