Skip to main content
തിരുവനന്തപുരം

gouri lakshmi bhaiശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിനെതിരെ ആരോപണമുന്നയിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിദഗ്ദ്ധ സമിതി മുൻ അംഗം സി.വി ആനന്ദബോസ് തന്നെ വിശദീകരിക്കണമെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി. ക്ഷേത്രത്തിലെ ധനശേഖരം രാജകുടുംബത്തിന്റെ അനുമതിയോടെ കടത്തിയെന്നും നൂറു വര്‍ഷം മുന്പു നടന്ന കണക്കെടുപ്പിന്റെ രേഖകൾ കൊട്ടാരം പൂഴ്ത്തിയെന്നുമായിരുന്നു ആനന്ദബോസിന്റെ ആരോപണം.

 

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് ഏറ്റവുമധികം ക്രമക്കേട് നടന്നതെന്നും സര്‍ക്കാറും കൊട്ടാരവും ഒത്തുകളിച്ചതിന് നിരവധി തെളിവുകളുണ്ടെന്നും ആനന്ദബോസ് പറഞ്ഞിരുന്നു. വിദഗ്ധ സമിതിയുടെ അദ്ധ്യക്ഷനായിരിക്കെയോ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷമോ പറയാത്ത ആരോപണങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ആനന്ദബോസ് ഉന്നയിച്ചത് വിവാദമായിരുന്നു.

 

ചെയ്യാത്ത കുറ്റങ്ങളുടെ പേരിലാണു പലയിടങ്ങളിൽ നിന്നും ആരോപണം ഉണ്ടാവുന്നതെന്നും തങ്ങളുടെ ദു:ഖം ശ്രീപദ്മനാഭനു മുന്നില്‍ സമർപ്പിക്കുകയാണെന്നും അവർ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിയന്ത്രണങ്ങളുണ്ടെന്നും എന്നെങ്കിലും പറയാന്‍ സാധിച്ചാല്‍ അന്ന് എല്ലാം തുറന്നു പറയുമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.