Skip to main content
കൊച്ചി

mv devan

 

കേരളീയ ചിത്രകലയിലെ അതികായനും സാംസ്കാരിക രംഗത്തെ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനുമായിരുന്ന എം.വി ദേവന്‍ (86) അന്തരിച്ചു. ചൊവ്വാഴ്ച ആലുവയിലെ ‘ചൂര്‍ണി’ എന്ന വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ചിത്രരചനയ്ക്ക് പുറമേ ശില്‍പ്പി, എഴുത്തുകാരന്‍, കലാനിരൂപകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു ദേവന്‍.

 

1928 ജനുവരി 15-ന് തലശ്ശേരിയില്‍ ജനിച്ച മഠത്തില്‍ വാസുദേവന്‍ എന്ന എം.വി ദേവനിലെ ചിത്രകാരനെ രൂപപ്പെടുത്തിയത് പഴയ മദ്രാസ് നഗരമാണ്. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1946-ല്‍ മദ്രാസിലെത്തിയ ദേവന്‍ ദേവീപ്രസാദ് റോയ് ചൗധരി, കെ.സി.എസ് പണിക്കര്‍ എന്നിവരുടെ ശിക്ഷണത്തില്‍ ചെന്നയിലെ ഗവ: സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സിലാണ് ചിത്രകലാ പഠനം നടത്തിയത്. ചിന്തകനായ എം. ഗോവിന്ദനുമായി മദ്രാസില്‍ വെച്ചുണ്ടായ അടുപ്പം ദേവന്റെ ബൗദ്ധിക ജീവിതത്തേയും സ്വാധീനിച്ചു.

 

മദ്രാസില്‍ നിന്ന്‍ തിരിച്ചെത്തിയ ശേഷം 1952-ല്‍ കോഴിക്കോട് മാതൃഭൂമിയില്‍ ചേര്‍ന്ന ദേവന്‍ ഇവിടെ വെച്ച് രേഖാചിത്രങ്ങള്‍ക്ക് പുറമേ എഴുത്തിലും കലാ നിരൂപണത്തിലും തന്റെ കഴിവുകള്‍ വിളക്കിയെടുത്തു. 1974 മുതല്‍ മൂന്ന്‍ വര്‍ഷം കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലളിതകലാ രംഗത്ത് കേരള സര്‍ക്കാറിന്റെ പരമോന്നത ബഹുമതിയായ രാജാരവിവര്‍മ പുരസ്കാരം ലഭിച്ചു.

 

ചെന്നൈ ചോളമണ്ഡലം സ്ഥാപിക്കുന്നതില്‍ പങ്കു വഹിച്ച ദേവന്‍ കേരളത്തില്‍ പ്രമുഖ ചിത്രകലാ സ്ഥാപനങ്ങളായ കേരള കലാപീഠം, മാഹി കലാഗ്രാമം എന്നിവയുടെ സ്ഥാപകരില്‍ ഒരാളാണ്. കേരളത്തില്‍ ഈ സ്ഥാപനങ്ങളിലൂടെ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന് ദേവന്‍ പ്രചാരം നല്‍കി.

 

ദേവസ്പന്ദനം എന്ന ലേഖന സമാഹാരമാണ് ദേവന്റെ ഏറ്റവും പ്രമുഖ കൃതി. ഈ കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

കൊല്ലം നെഹ്രു പാര്‍ക്കിലെ അമ്മയും കുഞ്ഞും ദേവന്റെ പ്രശസ്ത ശില്‍പ്പമാണ്. പെരുംതച്ചന്‍ എന്ന്‍ സംഘടനയിലൂടെ ലാറി ബേക്കറിന്റെ ചെലവുകുറഞ്ഞ നിര്‍മ്മാണ ശൈലി പിന്തുടര്‍ന്ന്‍ ഭവനനിര്‍മ്മാണ രംഗത്തും ദേവന്‍ സംഭാവനകള്‍ നല്‍കി.

 

മൃതദേഹം ആലുവ ടൌണ്‍ഹാളില്‍ ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകുന്നേരം നാലുമണിക്ക് ആലുവയിലെ അമ്പാട്ടുകാവ് ശ്മശാനത്തില്‍.