കിഴക്കന്‍ ചൈനയിലെ ഒരു സ്വകാര്യ കമ്പനി ഭീമന് 3ഡി പ്രിന്റര്‍ ഉപയോഗിച്ച് ഒരു ദിവസം കൊണ്ട് പത്ത് വീടുകള്‍ നിര്‍മ്മിച്ചു. സുചൌ നഗരത്തിലെ ഷാങ്ങ്ഹായ് ഹൈ-ടെക് വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മാ യിഹും സംഘവും നിര്‍മ്മിച്ച ഈ ഒരു നില വീടുകള്‍ കാഴ്ചയില്‍ സാധാരണ കെട്ടിടങ്ങള്‍ക്ക് സമാനമാണ്. എന്നാല്‍, കല്ലോ ഇഷ്ടികയോ ഉപയോഗിക്കാതെ സിമന്റും കെട്ടിടനിര്‍മ്മാണത്തിലെ അവശിഷ്ടങ്ങളും കൊണ്ട് പരിസ്ഥിതി സൗഹൃദമായാണ് ഈ കെട്ടിടങ്ങളുടെ ‘പ്രിന്റിംഗ്’.
പത്ത് മീറ്റര്‍ വീതിയും 6.6 മീറ്റര്‍ ഉയരവുമുള്ള നാല് പ്രിന്ററുകള്‍ അടങ്ങിയ ഇന്റലിജന്റ് പ്രിന്റിംഗ് സംവിധാനത്തിലൂടെയാണ് മായുടെ വിന്‍സണ്‍ കമ്പനി വീടുകള്‍ നിര്‍മ്മിച്ചത്. സിമന്റിന്റേയും കെട്ടിടനിര്‍മ്മാണ അവശിഷ്ടങ്ങളുടേയും മിശ്രിതം സ്പ്രേ ചെയ്താണ് പാളികളായി ചുമരുകള്‍ നിര്‍മ്മിക്കുന്നത്. പ്രിന്റ് ചെയ്ത വസ്തുക്കള്‍ എളുപ്പത്തില്‍ ഉണങ്ങുന്ന സിമന്റ് ആണ് സാങ്കേതികവിദ്യയുടെ കേന്ദ്രം. ഇത് കണ്ടുപിടിച്ചതില്‍ അഭിമാനമുണ്ടെന്ന് മാ യിഹ് പറഞ്ഞു. ഈ സാങ്കേതിക വിദ്യയുടെ ഘടകങ്ങള്‍ മാ പുറത്തുവിട്ടിട്ടില്ല.
പുതിയ സാങ്കേതിക വിദ്യ ചെലവുകുറഞ്ഞതും പരിസ്ഥിതിക്കിണങ്ങുന്നതുമാണെന്നും 12 വര്‍ഷമായി 3ഡി പ്രിന്ററുകള്‍ ഡിസൈന്‍ ചെയ്യുന്ന മാ പറഞ്ഞു. ഉപഭോക്താക്കള്‍ കൊണ്ടുവരുന്ന ഏത് ഡിജിറ്റല്‍ ഡിസൈനും വളരെ പെട്ടെന്നും ചെലവു കുറഞ്ഞും നിര്‍മ്മിക്കാമെന്ന് മാ പറയുന്നു. കെട്ടിട നിര്‍മ്മാണത്തിലേയും ഖനന പ്രദേശങ്ങളിലേയും അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കുന്നതിനാല്‍ പരിസ്ഥിതിയ്ക്ക് കേടും വരുത്തുന്നില്ല. തൊഴിലാളികള്‍ അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യവും ഒഴിവാക്കാമെന്നും മാ ചൂണ്ടിക്കാട്ടുന്നു.
ബഹുനില വീടുകളും പ്രിന്ററുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാമെന്ന് മാ പറയുന്നു. ചൈനയിലെ കെട്ടിട ചട്ടങ്ങളില്‍ ‘പ്രിന്റഡ്’ വീടുകള്‍ക്കുള്ള മാനകങ്ങള്‍ ഇല്ലാത്തതിനാല്‍ കെട്ടിട ഭാഗങ്ങളുടെ ഗുണനിലവാര പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. ഭാവിയില്‍ അംബരചുംബികളും തന്റെ പ്രിന്ററുകളിലൂടെ പുറത്തുവരുമെന്നാണ് മായുടെ പ്രതീക്ഷ.