Skip to main content
പെര്‍ത്ത്‌

 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണ മലേഷ്യന്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കായിയുള്ള മുങ്ങികപ്പലിന്റെ തിരച്ചില്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണെന്നും അടുത്ത ഒരാഴ്ചക്കുള്ളില്‍ ഇത് അവസാനിപ്പിക്കനാവുമെന്നാണ് പ്രതീക്ഷയെന്നും തെരച്ചില്‍ നടത്തുന്ന സംയുക്‌ത ദൗത്യസേന അറിയിച്ചു. ഇപ്പോള്‍ നടത്തിവരുന്ന തെരച്ചിലില്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന്‍ മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിസാമ്മുദീന്‍ ഹുസൈന്‍ അറിയിച്ചു.

 

വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കായി ആളില്ലാ അന്തര്‍വാഹിനി ബ്ലൂഫിന്‍ നടത്തുന്ന തെരച്ചില്‍ ഒരാഴ്ച കൂടി നീളുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് അറിയിച്ചിരുന്നു. അപകടകാരണങ്ങളുടെ ചുരുളഴിക്കാന്‍ ഓസ്ട്രേലിയയ്ക്കു ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും ടോണി അബോട്ട് അറിയിച്ചു.

 

ഓസ്ട്രേലിയന്‍ കപ്പല്‍ ഓഷ്യന്‍ ഷീല്‍ഡ് ബ്ലാക് ബോക്സില്‍ നിന്നെന്നു സംശയിക്കുന്ന സിഗ്നല്‍ പിടിച്ചെടുത്ത മേഖലയിലാണു തെരച്ചില്‍ ഉര്‍ജിതമാക്കിയിട്ടുള്ളത്. സമുദ്രോപരിതലത്തില്‍ നിന്നു ലഭിച്ച എണ്ണയുടെ സാംപിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

 

14 വിമാനങ്ങളും 11 കപ്പലുകളുമാണ് ഇപ്പോള്‍ തെരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ലഭ്യമായിട്ടുള്ള വിവരങ്ങള്‍ അന്വേഷണഗതിയില്‍ നിര്‍ണായകമാണ്. വിമാനം അപ്രത്യക്ഷമായിട്ട് 43 ദിവസം കഴിഞ്ഞിരിക്കുകയാണ്. അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്കു പോയ മലേഷ്യന്‍ വിമാനം കഴിഞ്ഞമാസം എട്ടിനാണ് അപ്രത്യക്ഷമായത്.