Skip to main content
തിരുവനന്തപുരം

padmanabha swami temple

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീർത്ഥക്കുളം അടുത്തുള്ള മിത്രാനന്ദപുരം കുളം എന്നിവ ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പത്മതീർത്ഥം ശുദ്ധീകരിക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

സര്‍ക്കാര്‍ ഒറ്റത്തവണ മാത്രമേ ക്ഷേത്രത്തിന്റെ ശുദ്ധീകരണ ചെലവ് വഹിക്കുകയുള്ളുവെന്നും തുടര്‍ന്നുള്ള ചിലവ് ക്ഷേത്രം ഭരണാധികാരികള്‍ ഏറ്റെടുക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വാട്ടര്‍ അതോറിറ്റി മുഖേന ശുദ്ധീകരണം നടത്താന്‍ നടപടി സ്വീകരിക്കുമെന്നും ചെലവിനായി 65 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ ഈ കുളവുമായി ബന്ധപ്പെട്ട ചെലവുകൾ തിരുവനന്തപുരം നഗരസഭയാണ് വഹിച്ചിരുന്നത്. മന്ത്രിസഭാ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും.

 

ക്ഷേത്രഭരണ സമിതിക്കെതിരെ ഗൗരവമേറിയ ആരോപണങ്ങളടങ്ങിയ എണ്ണൂറോളം പേജുകള്‍ വരുന്ന റിപ്പോര്‍ട്ട് ജസ്റ്റിസ് ആര്‍.എം. ലോധയ്ക്ക് അമിക്കസ് ക്യൂറി കൈമാറിയിരുന്നു. പത്മതീര്‍ഥ കുളവും മിത്രാനന്ദപുരം കുളവും വളരെ ശോചനീയമായ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്മതീർത്ഥം നേരത്തേ ശുദ്ധീകരിക്കാൻ തീരുമാനിച്ചപ്പോൾ 50 ലക്ഷത്തിൽ താഴെയായിരുന്നു എസ്റ്റിമേറ്റ്. ഇതിന്റെ സാങ്കേതികവിദ്യ പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനാലാണ് സർക്കാർ ചെലവിൽ ശുദ്ധീകരിക്കുന്നത്.