Skip to main content
വഡോദര

narendra modi

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി താന്‍ വിവാഹിതനാണെന്ന് അറിയിച്ചു. മോഡി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് താന്‍ വിവാഹിതനാണെന്ന് അറിയിച്ചത്. കൂടാതെ തന്റെ ഭാര്യ യശോദാ ബെന്‍ ആണെന്നും വെളിപ്പെടുത്തി.

 

വിവാഹിതനാണോ എന്ന കോളത്തില്‍ അതേയെന്നും ഭാര്യയുടെ പേരിനു നേരെ യെശോദാ ബെന്‍ എന്നും എഴുതിയ മോഡി ഭാര്യയുടെ വരുമാനത്തിനു നേരെയുള്ള കോളത്തില്‍ അറിയില്ലെന്നുമാണ് എഴുതിയിരിയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഭാര്യയുടെ പേരുള്ള കോളം ഒഴിച്ചിടാറായിരുന്നു മോഡി ചെയ്തിരുന്നത്.

 

വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മോദിയുമായി പിരിഞ്ഞ യെശോദാബെന്‍ പിന്നീട് ഒരു സ്‌കൂള്‍ അധ്യാപികയായി ഏറെക്കുറെ അജ്ഞാതയായി തന്നെ കഴിയുകയായിരുന്നു. ഈയിടെ ചില മാധ്യമങ്ങള്‍ യെശോദാ ബെന്നിനെ കണ്ടെത്തുകയും അവരുടെ അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

 

ഈ വിവാഹക്കാര്യം ഇത്ര വലിയ ചര്‍ച്ചയാക്കേണ്ടതില്ല എന്ന് മോഡിയുടെ സഹാദരനായ സോമാഭി ദാമോദര്‍ ദാസ് മോഡി അഭിപ്രായപ്പെട്ടു. 45 വര്‍ഷം മുമ്പ് പതിനേഴാം വയസ്സിലായിരുന്നു മോഡിയുടെ വിവാഹം. എന്നാല്‍ വിവാഹജീവിതം വേണ്ടെന്ന് വെച്ച് രാഷ്ട്ര സേവനത്തിന് ഇറങ്ങാനായിരുന്നു മോഡിയുടെ തീരുമാനം. മോഡിയുടെ വിവാഹക്കാര്യം വോട്ട് ചെയ്യുന്നതില്‍ കാര്യമായി എടുക്കരുത് എന്നും വോട്ടര്‍മാരോട് ദാമോദര്‍ ദാസ് മോഡി അഭ്യര്‍ഥിച്ചു.