Skip to main content
മലപ്പുറം

sandeepananda giri

 

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രഭാഷണത്തിനിടെ സ്വാമി സന്ദീപാനന്ദഗിരിക്ക് അമൃതാനന്ദമയി ഭക്തരുടെ ആക്രമണം. പ്രഭാഷണത്തിനിടെ സ്‌റ്റേജിലെത്തിയാണ് ഇവര്‍ സ്വാമിയെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പ്രഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സംഘം വേദിയിലേക്ക് ഇരച്ചുകയറുകയും തുടര്‍ന്നു നടന്ന വാക്കേറ്റം ആക്രമണത്തില്‍ കലാശിക്കുകയും ആയിരുന്നു. സ്റ്റേജില്‍ നിന്ന് ഇറങ്ങിയോടിയ സ്വാമിയെ പിന്നാലെയെത്തി വീണ്ടും ആക്രമിക്കുകയായിരുന്നു.

 

 

തിരൂര്‍ എസ്‌.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് രംഗം ശാന്തമാക്കിയത്. ആക്രമണത്തില്‍ പരുക്കേറ്റ സ്വാമിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ സ്വാമിയുടെ തലക്ക് മുറിവേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അതെസമയം താന്‍ ആരുടേയും പേരെടുത്ത് വിമര്‍ശിച്ചിട്ടില്ലെന്നും ആധുനിക മലയാളിയുടെ പൂജാമുറി ആള്‍ദൈവങ്ങളെക്കൊണ്ട് വീര്‍പ്പുമുട്ടുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും സ്വാമി സന്ദീപാനന്ദഗിരി അറിയിച്ചു.

 

അമൃതാനന്ദമയിക്കെതിരേ ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ച ഡി.സി ബുക്‌സ് ശാഖയ്ക്കും ഉടമ രവി ഡി.സിയുടെ വീടിനു നേരെയും ആക്രമണമുണ്ടായിരുന്നു. തിങ്കളാഴ്ച ഡി.സി ബുക്‌സിന്റെ കോട്ടയം ശാഖയില്‍ മൂന്ന് യുവാക്കളെത്തി ഭീഷണി മുഴക്കുകയും പുസ്തകം വലിച്ചുകീറുകയും ഷെല്‍ഫുകള്‍ മറിച്ചിട്ട് പുസ്തകങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തിരുന്നു. 'അമൃതാനന്ദമയി അമ്മയ്‌ക്കെതിരെയുള്ള പ്രചാരണങ്ങളില്‍നിന്ന് ഡി.സി. ബുക്‌സ് പിന്മാറുക' എന്ന പോസ്റ്ററും ബുക്ക്സ്റ്റാളിനടുത്ത് പതിപ്പിച്ചിരുന്നു.