ഇരിട്ടി സൈനുദ്ദീന്‍ വധക്കേസില്‍ ആറു പ്രതികള്‍ക്ക് ജീവപര്യന്തം. കണ്ണൂര്‍ ഇരിട്ടിയിലെ എന്‍.ഡി.എഫ് പ്രവര്ത്തകന് കക്കയങ്ങോട് കുനിയില്‍ സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസിലാണ് പ്രതികള്‍ക്ക് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തവും 50000 രൂപ പിഴയും വിധിച്ചത്. നിജില്‍, കെ.പി ബിജു, പി. റിയാസ്, ബിനീഷ്, എ. സുമേഷ്, പി.പി ബഷീര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം സി.പി.ഐ.എം-എസ്.എഫ്.ഐ പ്രവര്‍ത്തകനാണ്.
2008 ജൂണ്‍ 23-ന് സൈനുദ്ദീന്‍ സുഹൃത്തിന്റെ ഇറച്ചിക്കടയില്‍ നില്‍ക്കവെ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി കടയില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ സമീപത്തെ കോംപ്ളക്സിലെ ഒന്നാം നിലയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പിന്നിലടക്കം 14 മാരക മുറിവുകളേറ്റാണ് സൈനുദ്ദീന്‍ മരിച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം സി.ബി.ഐ ഏറ്റെടുത്ത കേസില്‍ 11 പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ വിചാരണ കാലത്ത് തെളിവില്ലെന്ന് കണ്ട് അഞ്ചു പ്രതികളെ വെറുതെവിട്ടിരുന്നു.