Skip to main content
ആലുവ

 

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് പെരിയാര്‍ തീരത്ത് നിര്‍മ്മിച്ച മഴവില്‍ റസ്റ്റോറന്റ് സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നു പൊതുമരാമത്ത് വകുപ്പ് പൊളിക്കുന്നു.ആറുമാസം മുന്‍പ് റസ്റ്റോറന്റ് പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനായി ടൂറിസം സെക്രട്ടറി സുമന്‍ ബില്ല, കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ്, എറണാകുളം ജില്ലാ കലക്ടര്‍, ആലുവ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടിരുന്നു.

 

 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പെരിയാറിലെ എക്കല്‍ വീണ് രൂപപ്പെട്ട ഭാഗത്ത് ഹോട്ടല്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നേടുകയായിരുന്നു. പൂന്തോട്ടവും പാര്‍ക്കും നിര്‍മ്മിക്കാനെന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതി പിന്നീട് ഹോട്ടലാവുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് അസോസിയേഷന്‍ ഫോര്‍ എന്‍വയണ്‍മെന്‍റ് പ്രൊട്ടക്ഷന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹോട്ടല്‍ പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടത്. പൊളിച്ചുനീക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.