Skip to main content
കോതമംഗലം

joseph tjമതനിന്ദാ ആരോപണത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ ജോസഫിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതായി കോതമംഗലം രൂപത. നാലുവര്‍ഷം മുന്‍പ് അക്രമികള്‍ കൈപ്പത്തി വെട്ടിമാറ്റിയതിന് പിന്നാലെയാണ് ജോസഫിന് നേരെ അച്ചടക്ക നടപടി ഉണ്ടായത്. ജോസഫിന്റെ ഭാര്യ സലോമി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. മാനുഷിക പരിഗണനയുടെ പേരിലാണ് തീരുമാനമെന്ന് രൂപത വാര്‍ത്താകുറിപ്പില്‍ പറയുന്നു. സര്‍ക്കാറിന്റേയും സര്‍വകലാശാലയുടെ അംഗീകാരത്തിന് വിധേയമായിരിക്കും നടപടി.

 

കുടുംബം സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 31-ന് സര്‍വീസ് കാലാവധി തീരുന്നതിന് മുന്‍പായി ജോസഫിന് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന സാഹചര്യം ഉണ്ടാക്കിയ മാനസിക സമ്മര്‍ദ്ദമാണ് സലോമിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. മതനിന്ദാ കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടും ജോസഫിനെ തിരിച്ചെടുക്കാതിരുന്ന സഭയുടെ നിലപാട് ആത്മഹത്യയെ തുടര്‍ന്ന് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

 

രൂപതയുടെ തീരുമാനം ആശ്വാസകരമാണെന്നും എന്നാല്‍ വാര്‍ത്ത‍ കേള്‍ക്കാന്‍ ഭാര്യ ഒപ്പമില്ലാത്തത് വേദനിപ്പിക്കുന്നതാണെന്നും പ്രൊഫ. ജോസഫ് പ്രതികരിച്ചു.