Skip to main content
കൊല്ലം

DYSP Santhosh Nairമാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താൻ വധശ്രമക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന ഡി.വൈ.എസ്.പി സന്തോഷ് നായരുടെ വസതിയിൽ നിന്ന് റെയ്ഡിനിടയിൽ സര്‍വീസ് റൈഫിളില്‍ ഉപയോഗിക്കുന്ന അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു. സന്തോഷ് നായരെ ആയുധനിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ഹാപ്പി രാജേഷ് വധശ്രമക്കേസുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ സംഘം സന്തോഷ് നായരുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടയിലാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്.

 

മേശയുടെ വലിപ്പില്‍ സൂക്ഷിച്ചിരുന്ന അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. നാല് മൊബൈല്‍ ഫോണുകളും മറ്റുചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ കെ.ടി തോമസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വെടിയുണ്ടകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സി.ബി.ഐ കൊല്ലം പോലീസില്‍ അറിയിക്കുകയായിരുന്നു. ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കുറ്റമാണ് സന്തോഷ് നായര്‍ക്കെതിരെ ചുമത്തിയത്. . പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

 

2011 ഏപ്രില്‍ 16-നാണ് മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താനെ ജോലി കഴിഞ്ഞ് മടങ്ങും വഴി ശാസ്താംകോട്ടയില്‍ വെച്ച് അക്രമിസംഘം വധിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഹാപ്പി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ണിത്താനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും ഡിവൈ.എസ്.പി.മാരായ സന്തോഷ് നായർ, അബ്ദുൽറഷീദ് എന്നിവർ കണ്ടെയ്‌നർ സന്തോഷ് വഴിയാണ് ക്വട്ടേഷൻ നൽകിയതെന്നും കൊല്ലത്തെ ഗസ്റ്റ്ഹൗസില്‍ ഡിവൈ.എസ്.പിമാര്‍ പങ്കെടുത്ത മദ്യസത്കാരത്തിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പകമൂലമാണ് ഉണ്ണിത്താനെ വധിക്കാന്‍ ഇവര്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയതെന്നും സി.ബി.ഐ കണ്ടെത്തി.

 

 
ഉണ്ണിത്താന്‍ ആക്രമിക്കപ്പെട്ടതിന്റെ പന്ത്രണ്ടാം ദിവസം 2011 ഏപ്രില്‍ 28-ന് ഓട്ടോ ഡ്രൈവറായ ഹാപ്പി രാജേഷിനെ കൊല്ലം നഗരത്തിലെ ജില്ലാ ആശുപത്രിക്കു സമീപം സ്വന്തം ഓട്ടോറിക്ഷയില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. വ്യക്തിവിരോധത്തിന്‍റെ പേരില്‍ രാജേഷ് കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. എന്നാല്‍ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രാജേഷിന്‍റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. രാജേഷ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സന്തോഷ്നായരുടെ കൂട്ടാളി കണ്ടെയ്നര്‍ സന്തോഷിന്‍റെ കൊച്ചിയിലെയും കൊല്ലത്തെയും വീടുകളിലും, സന്തോഷ്നായരുടെ ബന്ധുവിന്‍റെ തഴവയിലെ വീട്ടിലും പരിശോധന നടത്തി.