Skip to main content
ന്യൂഡല്‍ഹി

sheila dikshitമുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. നിലവിലെ ഗവര്‍ണര്‍ നിഖില്‍ കുമാറിന്റെ രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉടന്‍ സ്വീകരിച്ചതായും ചൊവാഴ്ച രാത്രി രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ഷീല ദീക്ഷിത് ചുമതല ഏറ്റെടുക്കുന്നത് വരെ കേരള ഗവര്‍ണറുടെ ചുമതല എച്ച്.ആര്‍. ഭരദ്വാജ് വഹിക്കും.

 

തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ നയിച്ച ഷീല ദീക്ഷിത് കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് കേരള രാജ് ഭവനിലേക്കെത്തുന്നത്. അതേസമയം, കഴിഞ്ഞ മാര്‍ച്ചില്‍ ഗവര്‍ണറായി നിയമിതനായ നിഖില്‍ കുമാര്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന.

 

ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സത്യേന്ദ്ര നാരായണ്‍ സിങ്ങിന്റെ മകനായ നിഖില്‍ കുമാര്‍ ബീഹാറിലെ ഔറംഗബാദ് മണ്ഡലത്തില്‍ നിന്ന്‍ മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്. നിഖില്‍ കുമാറിന്റെ പാറ്റ്നയിലെ വസതിയില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ സന്ദര്‍ശനം ഇതിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. 2009-ല്‍ നിഖില്‍ കുമാര്‍ ഈ മണ്ഡലത്തില്‍ നിന്ന്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.