Skip to main content
കൊച്ചി

cochin medical collegeസര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നു (മാര്‍ച്ച് 1) മുതല്‍ മരുന്നും ചികിത്സയും മറ്റ് സേവനങ്ങളും സൗജന്യമായി ലഭിക്കും. ഇതിനാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

 

ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കീഴിലുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജായാണ് കൊച്ചി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുക. മറ്റ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ നല്‍കി വരുന്ന എല്ലാ സേവനങ്ങളും ഘട്ടം ഘട്ടമായി ഈ കോളേജിലും ആരംഭിക്കും.

 

ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ആരോഗ്യകിരണം, അമ്മയും കുഞ്ഞും, ന്യൂബോണ്‍ സ്‌ക്രീനിംഗ് മുതലായ പദ്ധതികളുടെ ആനുകൂല്യങ്ങളെല്ലാം മാര്‍ച്ച് ഒന്ന് മുതല്‍ ഇവിടെയും ലഭ്യമാക്കും. ആരോഗ്യകിരണം പദ്ധതി നടത്തിപ്പിനായി 25 ലക്ഷം രൂപ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ഉടന്‍ കൈമാറും. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴി സൗജന്യമരുന്ന് വിതരണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

 

ജനപ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ആശുപത്രി വികസന സമിതിക്ക് ഉടന്‍ രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.