Skip to main content
തിരുവനന്തപുരം

നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് ഒരു രൂപ വര്‍ദ്ധിപ്പിച്ച് 19 രൂപയാക്കാന്‍ മന്ത്രിസഭായോഗം തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സീസണില്‍ സംഭരിച്ച നെല്ലിനും പുതിയ വില നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചക്കകം നടത്തിയേക്കുമെന്നുള്ള സാഹചര്യം പരിഗണിച്ചാണ് ഇന്ന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്.

 

കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 13.10 രൂപയും സംസ്ഥാന സര്‍ക്കാറിന്റെ 4.90 രൂപയും ചേര്‍ത്താണ് ഇപ്പോള്‍ നെല്ലിന് 18 രൂപ സംഭരണ വില നല്‍കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാറിന്റെ വിഹിതത്തില്‍ ഒരു രൂപ വര്‍ദ്ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

 

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഏറ്റെടുക്കല്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഏതാനും വിഷയങ്ങളില്‍ കൂടി വ്യക്തത വരാനുണ്ട്. അവ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും ബുധനാഴ്ച തന്നെ സര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കൊല്ലം ജില്ലയില്‍ ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിനു സമീപപ്രദേശത്തെ 150 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാനും യോഗത്തില്‍ തീരുമാനമായി. പ്രദേശ വാസികളുടെ ആവശ്യപ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. കമ്പനിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന സ്ഥലമാണിത്. ഇവിടെയുള്ള 700-ഓളം കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കിയായിരിക്കും ഭൂമി ഏറ്റെടുക്കുക. ഭാവിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഈ ഭൂമി സിഡ്കോ, കിന്‍ഫ്ര എന്നീ ഏജന്‍സികള്‍ക്ക് നല്‍കും.