Skip to main content
ബീജിങ്ങ്

യു.എസ് പ്രസിഡന്റ് ബരാക് ഒബാമ തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമയുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയില്‍ ചൈന പ്രതിഷേധം രേഖപ്പെടുത്തി. കൂടിക്കാഴ്ച ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ദോഷങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് ഉടന്‍ റദ്ദ് ചെയ്യണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

dalai lama and obamaവെള്ളിയാഴ്ച യു.എസ് പ്രസിഡന്റിന്റെ വസതിയായ വൈറ്റ്‌ഹൌസില്‍ വെച്ച് ദലൈ ലാമയുമായി ഒബാമയുടെ ‘അനൌദ്യോഗിക’ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ ഓവല്‍ ഓഫീസിന് പകരം ചരിത്രപരമായി പ്രാധാന്യമുള്ള മാപ്പ് റൂമില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച. കൂടിക്കാഴ്ച സ്ഥിരീകരിച്ച വൈറ്റ്‌ഹൌസ്‌ എന്നാല്‍, മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഇരു നോബല്‍ സമാധാന സമ്മാന ജേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

 

ചൈനയുടെ ആശങ്കകള്‍ യു.എസ് ഗൌരവത്തില്‍ എടുക്കണമെന്നും ചൈനാ വിരുദ്ധ വിഘടന വാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദലൈ ലാമയ്ക്ക് അവസരമോ സഹായമോ നല്‍കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് യു.എസ്സിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. തിബത്തന്‍ പ്രശ്നം ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റൊരു രാജ്യത്തിനും അതില്‍ ഇടപെടാന്‍ അവകാശമില്ലെന്നും വക്താവ് പറഞ്ഞു. ദലൈ ലാമയുമായുള്ള ഒബാമയുടെ കൂടിക്കാഴ്ച ചൈനയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ന്യായീകരിക്കാനാകാത്ത ഇടപെടലാകുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.   

 

1959-ല്‍ തിബത്തിലെ ചൈനീസ് സൈനിക നടപടിയെ തുടര്‍ന്ന് രഹസ്യമായി എത്തി ഇന്ത്യയില്‍ അഭയം തേടിയ ദലൈ ലാമയുമായി വിദേശ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത് ചൈന സ്ഥിരമായി എതിര്‍ത്തു വരുന്ന ഒന്നാണ്. 2010-ലും 2011-ലും ഒബാമയുടെ ലാമയുമായുള്ള കൂടിക്കാഴ്ചകള്‍ സമാന പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.