Skip to main content
ബീജിങ്ങ്

xi jinping and manmnoon hussainതന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള വീക്ഷണത്തിലാണ് പാകിസ്താനുമായുള്ള ബന്ധത്തെ ചൈന കാണുന്നതെന്ന്‍ ചൈനീസ് പ്രസിഡന്റ് ശി ജിന്‍പിംഗ്. പാകിസ്താനുമായുള്ള ബന്ധങ്ങള്‍ക്ക് തങ്ങള്‍ മുന്‍ഗണന നല്‍കുമെന്നും ജിന്‍പിംഗ് കൂട്ടിച്ചേര്‍ത്തു. ചൈന സന്ദര്‍ശിക്കുന്ന പാകിസ്താന്‍ പ്രസിഡന്റ് മംനൂണ്‍ ഹുസ്സൈനുമായി ബുധനാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ജിന്‍പിംഗിന്റെ പ്രസ്താവന.

 

ഇരുരാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ച് പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന 2000 കിലോമീറ്ററിന്റെ സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ചൈനയും പാകിസ്താനും തീരുമാനിച്ചു.

 

ഇന്ത്യയുമായുള്ള പാകിസ്താന്റെ സമാധാനശ്രമങ്ങളെ പിന്തുണക്കുമെന്നും ജിന്‍പിംഗ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള സംഭാഷണ പ്രക്രിയ തുടരുമെന്ന് പാക് പ്രസിഡന്റ് മംനൂണ്‍ ഹുസ്സൈന്‍ പറഞ്ഞു.

 

ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ശിന്‍ജിയാങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക വിഘടനവാദ സംഘടനകളെ അടിച്ചമര്‍ത്തുന്നതിന് പാകിസ്താന്റെ പിന്തുണയും ഹുസ്സൈന്‍ വാഗ്ദാനം ചെയ്തു. അല്‍-ക്വൈദ പിന്തുണയുള്ള കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക പ്രസ്ഥാനം പ്രധാനമായും പാകിസ്ഥാനും അഫ്ഗാനിസ്താനും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

 

പാകിസ്താനിലെ ഗ്വദറില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനുള്ള ധാരണാപത്രത്തില് ഇരുരാജ്യങ്ങളും ഒപ്പ് വെച്ചു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ അഭിമുഖീകരിച്ച് അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന  തന്ത്രപ്രധാന നഗരമായ ഗ്വദറില്‍ ചൈന വികസിപ്പിച്ച തുറമുഖത്തിന്റെ നിയന്ത്രണം ഇതിനകം ചൈന ഏറ്റെടുത്തുകഴിഞ്ഞു. ഗ്വദറില്‍ നിന്ന്‍ ശിന്‍ജിയാങ്ങിലേക്കാണ് റോഡ്‌, റയില്‍, വാതക പൈപ്പ് ലൈന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എന്നിവയടങ്ങുന്ന സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും ഗള്‍ഫ് മേഖലയിലേക്കും ഇടനാഴി ചൈനയ്ക്ക് എളുപ്പത്തില്‍ വഴി തുറക്കും.    

 

പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ഈ പദ്ധതിയെ സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യ ചൈനയോട് അറിയിച്ചിട്ടുണ്ട്.