Skip to main content
നാന്‍ജിങ്ങ്

china taiwan

 

1949-ല്‍ അവസാനിച്ച ചൈനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ആദ്യമായി ചൈനയും തായ്‌വാനും തമ്മില്‍ ആദ്യമായി ഉന്നതതല ചര്‍ച്ച നടത്തി. ഇരു സര്‍ക്കാറുകളേയും പ്രതിനിധീകരിച്ച് വാങ്ങ് യുചി, ഛാങ്ങ് ഛിജുന്‍ എന്നിവര്‍ ചൈനയിലെ നാന്‍ജിങ്ങില്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ച ആരംഭിച്ചു.

 

ചര്‍ച്ചയുടെ വിഷയങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരു സര്‍ക്കാറുകളും തമ്മില്‍ ആത്മവിശ്വാസം ജനിപ്പിക്കുന്നതിനുള്ള ശ്രമമായാണ് ചര്‍ച്ചയെ നിരീക്ഷകര്‍ കാണുന്നത്.

 

കമ്യൂണിസ്റ്റുകാരുമായുള്ള ആഭ്യന്തര യുദ്ധത്തില്‍ പരാജയപ്പെട്ട ദേശീയവാദി സര്‍ക്കാര്‍ താവളമുറപ്പിച്ച തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. മുഴുവന്‍ ചൈനയുടേയും മേലുള്ള അവകാശവാദം തായ്‌വാനും ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. ചൈനീസ് റിപ്പബ്ലിക്ക് എന്നാണ് തായ്‌വാന്റെ ഔദ്യോഗിക നാമം.

 

ഇതിന് മുന്‍പ് അര്‍ദ്ധസര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയായിരുന്നു ഇരുകൂട്ടരും ചര്‍ച്ചകള്‍ നടത്തിവന്നിരുന്നത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലും പതാകകളോ ഉദ്യോഗസ്ഥരുടെ തസ്തിക അറിയിക്കുന്ന നാമത്തകിടുകളോ ഉപയോഗിക്കുന്നില്ല.

 

ബീജിങ്ങ് അനുകൂലിയായ മാ യിംഗ്-ജ്യൂ 2008-ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് മുതലാണ്‌ ഇരു സര്‍ക്കാറുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു തുടങ്ങിയത്. ഇരു സര്‍ക്കാറുകളും തമ്മില്‍ വിമാന സര്‍വീസിനും തുടര്‍ന്ന്‍ വ്യാപാര ഉടമ്പടിയ്ക്കും ഇതിനകം ധാരണയിട്ടുണ്ട്.