Skip to main content
കോഴിക്കോട്‌

K K Ramaടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി വരാന്‍ ഇനി രണ്ടു നാള്‍ മാത്രം ശേഷിക്കെ ടി.പിയുടെ ഭാര്യ കെ.കെ. രമയ്‌ക്കു പോലീസ്‌ സംരക്ഷണം നല്‍കും.

കോഴിക്കോട്ടെത്തിയ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുമായി ആര്‍.എം.പി. നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. വധഭീഷണിയുള്ള അജ്‌ഞാത കത്തുകള്‍ രമയ്‌ക്കു ലഭിച്ചതിന്റെ പശ്‌ചാത്തലത്തില്‍ കൂടിയാണു നടപടി. ഭീഷണിക്കത്തിന്റെ ഉറവിടം പോലീസ്‌ അന്വേഷിക്കുകയാണ്‌.

കഴിഞ്ഞദിവസം കണ്ണൂരിലെ കോടതി വളപ്പില്‍ ടി.പി. കേസിലെ മുഖ്യപ്രതി മുഹമ്മദ്‌ ഷാഫി മൊബൈല്‍ ഫോണില്‍ സംസാരിച്ചതടക്കമുളള ഗുരുതരമായ ചട്ടലംഘനങ്ങള്‍ നേതാക്കള്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. വിധി വരുന്ന ദിവസം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമത്തിനു സാധ്യതയുണ്ടെന്നും നേതാക്കള്‍ മന്ത്രിയെ ധരിപ്പിച്ചു. ആവശ്യമായ എല്ലാ സംരക്ഷണവും പോലീസിന്റെ ഭാഗത്തുനിന്നു ചെന്നിത്തല ഉറപ്പു നല്‍കി.

കഴിഞ്ഞ മാസമാണ് രമയ്‌ക്കു ഭീഷണിയുമായി കൊച്ചിയില്‍നിന്നും കോഴിക്കോട്‌ യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നും അജ്‌ഞാതര്‍ കത്തയച്ചത്‌. ഇതു സംബന്ധിച്ച വാര്‍ത്ത മംഗളം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നു രമ വടകര റൂറല്‍ എസ്‌.പിക്കു തൊട്ടടുത്ത ദിവസം പരാതി നല്‍കുകയായിരുന്നു. വടകര സി.ഐക്കാണു കേസിന്റെ അന്വേഷണ ചുമതല.