Skip to main content
പാലക്കാട്

kerala-school-kalolsavamഅമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. ഇനി ഏഴുനാള്‍ കൊട്ടും പാട്ടുമായി പാലക്കാടിന് ഉത്സവം. 232 ഇനങ്ങള്‍, 18 വേദികള്‍, പതിനായിരത്തോളം കുട്ടികള്‍. ജനുവരി 19 മുതല്‍ 25 വരെ നഗരവും പരിസരവും കലയുടെ പട്ടുമേലാപ്പണിയും, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, അറബി സാഹിത്യോത്സവം, സംസ്‌കൃത കലോത്സവം എന്നീ വിഭാഗങ്ങളിലായാണ് മത്സരം.
 

കലോത്സവത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ എട്ടിന് മോയന്‍സ് ഹൈസ്‌കൂള്‍ മുറ്റത്ത് പതാക ഉയരും തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉച്ചയ്ക്ക്‌ശേഷം രണ്ടിന് പാലക്കാടിന്‍റെ കലാപാരമ്പര്യത്തിന്‍റെ അടയാളപ്പെടുത്തലുകളുമായി സാംസ്‌കാരിക ഘോഷയാത്ര തുടങ്ങും.

വൈകുന്നേരം 4ന് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പ്രധാന വേദിയായ മഴവില്ലില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ സംവിധായകന്‍ ബാലചന്ദ്രമേനോന്‍ മുഖ്യാതിഥിയാവുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചു. 

വിവിധ ഇനങ്ങളിലായി ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ 8185 പേര്‍ കലോത്സവത്തിനെത്തും. 693 അപ്പീലുകള്‍ വിവിധ ജില്ലകളില്‍ നിന്നായി അനുവദിച്ചിട്ടുണ്ട്. ഇത്രയും അപ്പീലുകള്‍ കോടതി വഴിയും വരുമെന്നാണ് പ്രതീക്ഷ. കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട പത്തംഗ സമിതിയും പാലക്കാട്ടെത്തിയിട്ടുണ്ട്.

കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി എഴുന്നൂറ് വിധികര്‍ത്താക്കളാണ് മേളയ്‌ക്കെത്തുന്നത്. പരാതിയുയര്‍ന്ന 15 പേരെ മാറ്റി പകരം ആളെ നിയോഗിച്ചിട്ടുണ്ട്. വിധി കര്‍ത്താക്കളുടെ വ്യക്തി വിവരണം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
 

സമയക്രമം പാലിക്കാനും ഇത്തവണ കര്‍ശനമായ നടപടികളുണ്ടാവും. കലോത്സവ വേദിയില്‍ നിശ്ചിതസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത മത്സരാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. മത്സരങ്ങള്‍ നടക്കുമ്പോള്‍ വിധികര്‍ത്താക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പ്രോഗ്രാം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ വേദികളിലായി 75 സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
 

വേദികളെ പരസ്പരം നെറ്റ്‌വര്‍ക്ക് വഴി ബന്ധിപ്പിച്ചു. എല്‍.സി.ഡി. സ്‌ക്രീനില്‍ വിവിധ വേദികളിലെ പരിപാടികളുടെ ക്രമം അറിയാനുമാകും. കലോത്സവ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 1800-425-4474 എന്ന ടോള്‍ഫ്രീ നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കലോത്സവത്തിന്‍റെ ഊട്ടുപുര ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ പ്രവര്‍ത്തനം തുടങ്ങി. 25ന് വൈകുന്നേരം നാലുമണിക്കാണ് സമാപനം.