Skip to main content

chandy with stallmanസ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി വ്യാഴാഴ്ച ക്ലിഫ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയര് പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട കൂടുതല്‍ കാര്യങ്ങള്‍ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സെന്ററായ ഐ.സി.എഫ്.ഒ.എസ്.എസിന്റെ ഡയറക്ടര്‍ സതീഷ് ബാബുവിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

 

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കണം എന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധ്യമായ മേഖലകളില്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ അതിന് തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ അന്ധര്‍ക്കു വേണ്ടിയും ഭാഷയുടെ പുരോഗതിക്കു വേണ്ടിയും മറ്റും ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് സ്റ്റാള്‍മാന്‍ ചൂണ്ടിക്കാട്ടി.

 

സോഫ്റ്റ്‌വെയറിന്റെ സ്വതന്ത്രമായ ഉപയോഗം, വികസനം, വിതരണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരെ സന്ദര്‍ശിച്ച ശേഷമാണ് സ്റ്റാള്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്.