Skip to main content
ദുബായ്

Muhamed Aliഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഡോ. പി. മുഹമ്മദലി രാജിവെച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തിനുശേഷമാണ് തീരുമാനം.

മുഹമ്മദലിയുടെ രാജി വാര്‍ത്ത മസ്‌കറ്റ് സെക്യൂരിറ്റി മാര്‍ക്കറ്റിന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. കൈക്കൂലി നല്‍കിയെന്ന കേസില്‍പ്പെട്ട് ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന്‍റെ ഭാഗമായാണ് രാജിയെന്ന് അറിയിപ്പില്‍ പറയുന്നു. പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ത്തന്നെ യാതൊരു തടസ്സവും വരാതെ മുന്നോട്ടു പോകുമെന്ന് കമ്പനി അറിയിച്ചു.

 

നേരത്തെ സര്‍ക്കാര്‍ സ്ഥാപന മേധാവിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ ഒമാന്‍ പ്രാഥമിക കോടതി മുഹമ്മദലിക്ക് മൂന്ന് വര്‍ഷം തടവും ആറു ലക്ഷം റിയാല്‍ (ഏകദേശം 9.5 കോടി രൂപ) പിഴയും വിധിച്ചിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദലി. ഒന്നാം പ്രതി ഒമാന്‍ പെട്രോളിയം ഡവലപ്‌മെന്‍റെ  ടെണ്ടര്‍ മേധാവി ജുമാ അല്‍ ഹിനായിക്കും  മൂന്നുവര്‍ഷം തടവും, ആറു ലക്ഷം റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒമാന്‍ പെട്രോളിയം ഡെവലപ്പ്‌മെന്റില്‍ നിന്നും കമ്പനിക്ക് 2011ല്‍ ലഭിച്ച കരാര്‍ കാലാവധി നീട്ടികിട്ടാന്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗിന്‍റെ എംഡിയായ മുഹമ്മദലി ടെണ്ടര്‍ ഉദ്യോഗസ്ഥനായ ജുമ അല്‍ ഹിനായിക്ക് രണ്ട് ലക്ഷം ഒമാനി റിയാല്‍ കൈക്കൂലി നല്‍കി എന്നാണ് കേസ്. തുടര്‍ന്ന് അല്‍ ഹിനായിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 87,3,000 അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.