Skip to main content
തിരുവനന്തപുരം

Pain and Palliative Careസംസ്ഥാനത്തെ മൂന്നാമത്തെ സമ്പൂര്‍ണ്ണ സാന്ത്വന പരിചരണ ജില്ലയായി തിരുവനന്തപുരത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച സാന്ത്വന പരിചരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 73 പഞ്ചായത്തുകളിലും, 4 മുനിസിപ്പാലിറ്റികളിലും, കോര്‍പ്പറേഷനിലും സാന്ത്വന പരിചരണ യൂണിറ്റുകളോടെ തിരുവനന്തപുരം ഈ നേട്ടത്തില്‍ ഇടുക്കിക്കും വയനാടിനുമൊപ്പം ചേര്‍ന്നു.

 

അതേസമയം, എറ്റവും കൂടുതല്‍ രോഗികള്‍ക്ക് സാന്ത്വനമരുളുന്നത് തിരുവനന്തപുരമാണ്. രജിസ്റ്റര്‍ ചെയ്ത 6,884 പേരില്‍ 4,093 പേര്‍ക്ക് ഗൃഹ കേന്ദ്രീകൃത പരിചരണമാണ് നല്‍കുന്നത്. 3,842 പേര്‍ക്ക് ഒ.പിയിലൂടെയും ഔഷധങ്ങള്‍ നല്‍കിവരുന്നു.

 

തിരുവനന്തപുരം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രികള്‍, നെടുമങ്ങാട് ജില്ലാ ആശുപത്രി, ചിറയിന്‍കീഴ്, വര്‍ക്കല, ആറ്റിങ്ങല്‍, പാറശ്ശാല, താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളിലാണ് സാന്ത്വന പരിചരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ ജില്ലയിലെ മികച്ച സാന്ത്വന പരിചരണ പഞ്ചായത്തിനുള്ള സമ്മാനം കിളിമാനൂരിന് നല്‍കി. വെള്ളറടയും, തൊഴിക്കോടും രണ്ടാം സ്ഥാനം പങ്കിട്ടു. മുനിസിപ്പാലിറ്റികളില്‍ നെടുമങ്ങാട് ഒന്നാം സ്ഥാനം നേടി.

 

സംസ്ഥാനത്ത് 736 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 218 ചാരിറ്റബിള്‍ സൊസൈറ്റികളിലും സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും സമ്പൂര്‍ണ്ണ സാന്ത്വന പരിചരണ ജില്ലയായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അദ്ധ്വക്ഷത വഹിച്ചു.