Skip to main content
തിരുവനന്തപുരം

ap anil kumar launches clint painiting competitionകാല്‍ ലക്ഷത്തിലേറെ ചിത്രങ്ങള്‍ ഭൂമിയിലവശേഷിപ്പിച്ച് ഏഴാം വയസ്സില്‍ കടന്നുപോയ ക്ലിന്റ് എന്ന അത്ഭുതപ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് കേരള ടൂറിസത്തിന്റെ ശ്രദ്ധാഞ്ജലി. മൂന്നു പതിറ്റാണ്ടു മുമ്പ് അന്തരിച്ച ക്ലിന്റിന്റെ സ്മരണാര്‍ഥം കേരള ടൂറിസം വകുപ്പ് നാലിനും 15-നും ഇടയില്‍ പ്രായമുള്ള ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ചിത്രരചനാ മല്‍സരം സംഘടിപ്പിക്കുന്നു.

 

ഏറ്റവും മികച്ച അഞ്ചു ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് അവ വരച്ചവര്‍ക്ക് രക്ഷിതാക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ ഒപ്പം കേരളത്തില്‍ എക്കോണമി ക്ലാസ് വിമാന ടിക്കറ്റ് സഹിതം പാക്കേജ്ഡ് ടൂര്‍ സമ്മാനമായി ലഭിക്കും. 125 സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

 

എറണാകുളം സ്വദേശികളായ എം.ടി ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി ജനിച്ച എഡ്മണ്ട് തോമസ് ക്ലിന്റ് ഏഴാം പിറന്നാളിന് ഒരു മാസം മുമ്പ്, 1983 ഏപ്രില്‍ 15-നാണ് വൃക്കരോഗത്തെ തുടര്‍ന്ന് മരണമടഞ്ഞത്. പക്ഷേ, ഹ്രസ്വമായ ജീവിതകാലത്തിനിടയില്‍ ക്ലിന്റ് വരഞ്ഞിട്ട ചിത്രങ്ങള്‍ അവയുടെ ആഴവും പക്വതയും കൊണ്ട് കലാസ്വാദകരേയും നിരൂപകരേയും അത്ഭുതപ്പെടുത്തി മൂന്നു പതിറ്റാണ്ടിനിപ്പുറവും ജീവിക്കുകയാണ്. ഉല്‍സവങ്ങളും ക്ഷേത്രകലകളും ഉള്‍പ്പെടെ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക- പ്രകൃതി ദൃശ്യങ്ങള്‍ നിറഞ്ഞു തുളുമ്പുന്നവയായിരുന്നു, ക്രയോണുകളും ബോള്‍ പോയിന്റ് പേനയും പെന്‍സിലും വാട്ടര്‍ കളറുമെല്ലാം ഉപയോഗിച്ച് ക്ലിന്റ് മനസ്സില്‍ നിന്നു പകര്‍ത്തിവച്ച ചിത്രങ്ങള്‍. 

 

ക്ലിന്റെന്ന മാന്ത്രികപ്രതിഭ ഇന്നും നമുക്ക് വിസ്മയമായി തുടരുകയാണെന്ന് മത്സരം പ്രഖ്യാപിച്ച സംസ്ഥാന ടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞു. ചുരുങ്ങിയ കാലത്തിനിടയില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം കാട്ടിയ ആ ബാലന്റെ സ്മരണ നിലനിര്‍ത്താനുള്ള ശ്രമം കേരളത്തെ നല്ല ലക്ഷ്യസ്ഥാനമായി ഉയര്‍ത്തിക്കാട്ടുന്നതിലും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് വര്‍ഷത്തിനുശേഷമാണെങ്കിലും ഇതാദ്യമായാണ് ക്ലിന്റിന് സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതെന്ന് ക്ലിന്റിന്റെ പിതാവ് എം.ടി ജോസഫ് പറഞ്ഞു. ക്ലിന്റിനെ അറിയാന്‍ വീണ്ടും അവസരമൊരുക്കുന്ന ഈ സംരംഭം യാഥാര്‍ത്ഥത്തില്‍ ക്ലിന്റിന് ഒരു പുനര്‍ജന്മമാണ് നല്‍കുന്നതെന്ന് അമ്മ ചിന്നമ്മ ജോസഫ് പറഞ്ഞു. ടൂറിസം സെക്രട്ടറി സുമന്‍ ബില്ലയും ചടങ്ങില്‍ സംബന്ധിച്ചു.

 

കേരളവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് മല്‍സരത്തിന് സമര്‍പ്പിക്കേണ്ടത്. കേരള ടൂറിസം വെബ്‌സൈറ്റ് വഴി ഒരു കുട്ടിക്ക് അഞ്ച് എന്‍ട്രികള്‍ വരെ സമര്‍പ്പിക്കാം. ജനുവരി 15 മുതല്‍ മെയ് 31 വരെ നടക്കുന്ന മല്‍സരത്തില്‍ പ്രവേശന ഫീസില്ല. ലോകത്തിന്റെ ഏതുഭാഗത്തു താമസിക്കുന്ന കുട്ടികള്‍ക്കും മല്‍സരത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാം. കേരളത്തെപ്പറ്റിയും കേരളത്തിന്റെ സംസ്‌കാരത്തെപ്പറ്റിയും കൂടുതല്‍ മനസ്സിലാക്കുന്നതിനായി മല്‍സരാര്‍ഥികള്‍ക്ക് ക്ലിന്റിന്റെ 30 രചനകള്‍ ഉള്‍പ്പെടുന്ന രണ്ട് ഇ - ബുക്കുകളും കേരളത്തിന്റെ 100 ചിത്രങ്ങളും അയച്ചുകൊടുക്കും. ഇതുകൂടാതെ ടൂറിസം വെബ്‌സൈറ്റില്‍ ലഭ്യമായ 3000 ത്തിലേറെ വീഡിയോ ക്ലിപ്പിംഗുകളും മല്‍സരാര്‍ഥികള്‍ക്ക് സഹായകമാകും. കേരള ടൂറിസത്തിന്റെ ഐ.ടി സൊല്യൂഷന്‍സ് പങ്കാളികളായ ഇന്‍വിസ് മള്‍ട്ടി മീഡിയയാണ് മത്സരം ഏകോപിപ്പിക്കുന്നത്.

 

പേപ്പറില്‍ വരച്ച മൗലിക രചനകളാണ് മല്‍സരത്തിനു പരിഗണിക്കുക. ഇവ സ്കാന്‍ ചെയ്ത് വെബ്‌സൈറ്റു വഴി സമര്‍പ്പിക്കാം. ഇതിനായി രജിസ്‌ട്രേഷന്‍ സമയത്ത് മല്‍സരാര്‍ഥികള്‍ക്ക് ലോഗിന്‍ ഐഡി നല്‍കും. ഇത്തരത്തിലൊരു ആഗോള പെയിന്റിംഗ് മല്‍സരം സംഘടിപ്പിക്കുന്ന ലോകത്തെ രണ്ടാമത്തെ സ്ഥാപനമാണ് കേരള ടൂറിസം വകുപ്പ്. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമാണ് ഇതിനുമുമ്പ് ഇത്തരത്തില്‍ മല്‍സരം നടത്തിയിട്ടുള്ളത്.