കൊച്ചിയിലെ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ടെര്‍മിനല്‍ രാജ്യത്തിന് അഭിമാനമാണെന്നും ടെര്‍മിനല്‍ പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കാനുള്ള സഹായം കേന്ദ്രം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയിലെ വീടുകളില്‍ ഈ മാസം അവസാനം പാചക വാതകം പൈപ്പിലൂടെ നേരിട്ട് എത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അദ്ധ്യക്ഷനായ ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ പനബക ലക്ഷ്മി, കെ. വി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ആഗസ്തില്‍ പ്രവര്‍ത്തനമാരംഭിച്ച ടെര്‍മിനലിന്റെ ഔപചാരിക ഉദ്ഘാടനമാണ് ശനിയാഴ്ച നടന്നത്.
പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡ് 4,600 കോടി മുതല്‍മുടക്കില്‍ സ്ഥാപിച്ച ടെര്‍മിനലില്‍ 50 ലക്ഷം ടണ്‍ പ്രകൃതി വാതകം സംഭരിക്കാന്‍ കഴിയും. വാതകം വിവിധ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിനുള്ള പൈപ്പിടല്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇതിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്.