സിനിമ കാണാന്‍ പോകുന്ന പലരുടെയും ഉദ്ദേശം ഒന്നുതന്നെ. രണ്ടരമണിക്കൂര്‍ എസിയില്‍ ഇരുന്നിങ്ങനെ എല്ലാം മറന്നു ആസ്വദിക്കുക. പക്ഷെ, കുറേക്കാലമായി മലയാളം സിനിമ ചീഞ്ഞളിഞ്ഞതും പഴകിയതുമായ കുറേ ആശയങ്ങളായിരുന്നു തന്നുകൊണ്ടിരുന്നത്. ചിലപ്പോഴോക്കെ ഒരു ആശ്വാസമെന്ന മട്ടില്‍ ‘തമ്മില്‍ ഭേദം’ എന്ന് പറയാവുന്ന സിനിമകള്‍ സൂപ്പര്‍ ഹിറ്റാക്കി കാണികള്‍ പാസാക്കുന്നു. എന്നാല്‍ ദൃശ്യം മലയാളത്തില്‍ ന്യൂ ജെനറേഷന്‍ വിഭാഗത്തിന്റെ സ്റ്റാമ്പ് തുടച്ചു നീക്കി ഒരു പുതിയ മുഖം കൊടുക്കുകയാണ്. വളരെ വൃത്തിയായി പറഞ്ഞു പോയിട്ടുള്ള ഈ സിനിമ ശരിക്കും മറ്റുള്ളവര്‍ക്കൊരു മാതൃകയാണ്. കഥ വളരെ സാധാരണമായി ആദ്യ പകുതി വരെ കൊണ്ടുപോകും. പിന്നെ, ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് അതിഗംഭീരമായി മോഹന്‍ലാലിന്റെ കണ്ണുകള്‍ ഉപയോഗിച്ച് നിമിഷനേരം കൊണ്ട്അതൊരു ത്രില്ലര്‍ ആക്കി മാറ്റുന്നു! അതില്‍, ഛായാഗ്രാഹകന്റെ കഴിവിനേക്കാള്‍ മോഹന്‍ലാലിന്റെ കണ്ണുകളിലെ ആഴമാണ് നമ്മളെ പൊക്കിയെടുത്തു കൊണ്ടുപോകുന്നത്!
കേബിള്‍ ടി.വി കമ്പനിയുടെ ഉടമയായ ജോര്‍ജുകുട്ടിയായാണ് നമ്മുടെ ലാലേട്ടന്‍ അവതരിക്കുന്നത്. വെറും നാലാംക്ലാസ്സുകാരനായ ഈ ജോര്‍ജുകുട്ടി സിനിമയില്‍ വലിയ കമ്പമുള്ളയാളാണ്. ജോര്‍ജുകുട്ടിയുടെ ഭാര്യ റാണി എന്ന കഥാപാത്രമായാണ് മീന വളരെ കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് വരുന്നത്. ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികളാണ്. ഈ കുടുംബത്തിന്റെ കുശുമ്പും കിന്നാരവും നാട്ടിലെ ജോര്‍ജിന്റെ നല്ല ‘ഇമേജ്’ വെളിപ്പെടുത്തുന്നതുമായ കുറെ സംഭവങ്ങളാണ് ആദ്യപകുതി.
[!!!!SPOILER ALERT!!!!]
ജോര്‍ജുകുട്ടിയുടെ മൂത്ത മകള്‍ തേക്കടിയിലേക്ക് ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുന്നതാണ് പ്രശ്നങ്ങളുടെ ഉറവിടം. ടൂറില്‍ വച്ച് ഒരു ഐ.ജിയുടെ ഏകമകന്‍ വരുത്തിവച്ച പൊല്ലാപ്പും അതില്‍ നിന്നും ജോര്‍ജുകുട്ടി ഭാര്യയെയും മക്കളെയും രക്ഷിക്കുന്നതുമാണ് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ കഥ. വരുണ്‍ എന്ന ഈ ‘ഏകപുത്രന്‍’ ആളൊരു അഭ്യാസിയായിരുന്നു. കയ്യിലുള്ള മൊബൈല്‍ ക്യാമറയില്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ വന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുക്കുകയായിരുന്നു ആളുടെ പ്രധാന പണി. ഈ വിരുതന്‍ ബാത്‌റൂമില്‍ ഒളി ക്യാമറ വച്ച് ജോര്‍ജിന്റെ മകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാനായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ജോര്‍ജുകുട്ടി സ്ഥലത്തില്ലാതിരുന്ന ഒരു രാത്രിയില്‍ വീട്ടില്‍ എത്തിയ വരുണ്‍ കൊല്ലപ്പെടുന്നു. തങ്ങള്‍ക്ക് നേരെ എത്തുന്ന അന്വേഷണങ്ങളില്‍ നിന്ന്‍ തന്റെ കുടുംബത്തെ ജോര്‍ജുകുട്ടി എങ്ങനെ പുറത്തു കൊണ്ടുവരുന്നു എന്നതാണ് സിനിമയുടെ സസ്പെന്‍സ് നിറഞ്ഞ രണ്ടാം പകുതി.
മലയാള സിനിമയിലെ വരണ്ട കാലം എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഈ കാലത്ത് പ്രതീക്ഷയുടെ നീരുറവയുമായിട്ടാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ വരവ്. എന്നാല്‍ ജീത്തുവിന് പറ്റിയ പിഴവ് എന്ന് പറയാവുന്നത് സംവിധാനം തന്നെയാണ്. ഒരു സംവിധായകന്റെ സാന്നിധ്യം ഇല്ലാതെ കഥ കൊണ്ടുമാത്രം മുന്നോട്ടു പോകുന്നൊരു സിനിമയാണ് ദൃശ്യം. ഇവിടെ, കഥയുടെ ശക്തി കാരണം അത് എടുത്തു കാണിക്കുന്നില്ല.
മോഹന്‍ലാലിന്റെ മറുപകുതിയില്‍ മീനയുടെ പ്രകടനം സിനിമയുടെ ആകര്‍ഷണം തന്നെയാണ്. കലാഭവന്‍ ഷജോണ്‍ എന്ന വ്യക്തിയില്‍ നല്ലൊരു നടന്‍ ഉണ്ടെന്നും സിനിമ കാട്ടിത്തരുന്നു, പോലീസുകാരനായ സഹദേവന്‍ എന്ന റോളില്‍. അറു ബോറനും കണ്ണില്‍ ചോരയുമില്ലാത്ത ഒരു വില്ലനെയാണ് ഷജോണ്‍ അവതരിപ്പിക്കുന്നത്. വരുണിന്റെ അച്ഛനായി സിദ്ദിക്കും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ അമ്മയും പോലീസ് ഐ.ജിയുമായ ആശ ശരത്തിന് അഭിനയിക്കാനുള്ള വെപ്രാളം കാരണമാകാം, ഭാവങ്ങള്‍ മുഖത്ത് ആവശ്യാനുസരണം ഉപയോഗിക്കാന്‍ പറ്റിയില്ല.
സിനിമയിലെ സസ്പെന്‍സ് "പോളിച്ചൂട്ട!" എന്ന് തന്നെ പറയാം. കാരണം, ഇന്നേവരെ മലയാളത്തില്‍ കാണാത്ത വിധമാണ് ആ സസ്പെന്‍സ് എടുത്തിരുക്കുന്നത്. അവിടെ ജീത്തു ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ കഴിവ് പുറത്തെടുത്തു. അപ്പൊ ചുള്ളന് അറിയാഞ്ഞിട്ടല്ല? ക്ലൈമാക്സ് സീന്‍ നല്‍കുന്ന രോമാഞ്ചവും അനുഭൂതിയും, അതിന്നേ വരെ ഒരു മലയാളം സിനിമയും ഈ തോതില്‍ മലയാളിക്ക് നല്‍കിയിട്ടില്ല. അതിനു ജീത്തു, സ്തോത്രം.
വ്യക്തിപരമായി കുറെ കാലത്തിനു ശേഷം മനസിനെ തൃപ്തിപ്പെടുത്തിയ ഒരു സിനിമയാണ് ദൃശ്യം. ആദ്യപകുതി കുറച്ചു ഇഴഞ്ഞാണ് പോകുന്നതെങ്കിലും അതിന്റെ പൂര്‍ണതയില്‍ ഈ സിനിമയ്ക്ക് ഈയടുത്ത കാലത്തെ ഏറ്റവും മികച്ച ചിത്രം എന്ന ബഹുമതിക്ക് യോഗ്യതയുണ്ട്. ഈ സിനിമ കണ്ടിറങ്ങിയപ്പോഴാണ് മനസിലായത്, മറന്നുപോയ ആ പഴയ സുഖം തിരിച്ചു വന്നുവെന്ന് - ഒരു സിനിമ കണ്ടിറങ്ങുന്ന സുഖം.
കാക്കനാട് ഭവന്‍സ് വരുണ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കൃഷ്ണന്‍