Skip to main content
കോഴിക്കോട്‌

കേരളത്തില്‍ ലത്തീന്‍ കത്തോലിക്ക സഭയ്ക്ക് പാലക്കാട് സുല്‍ത്താന്‍പേട്ട് ആസ്ഥാനമായി പുതിയ രൂപത. രൂപതയുടെ പ്രഥമ മെത്രാനായി ഡോ. പീറ്റര്‍ അബീര്‍ അന്തോണിസാമിയെ നിയമിച്ചു. ശനിയാഴ്ച വത്തിക്കാനിലും കോഴിക്കോട്ടും ഒരേസമയം പുതിയ ബിഷപ്പിന്റെ പ്രഖ്യാപനം നടന്നു.

 

കോഴിക്കോട്, കോയമ്പത്തൂര്‍ രൂപതകള്‍ വിഭജിച്ചാണ് പുതിയ സുല്‍ത്താന്‍പേട്ട്‌ രൂപത പ്രഖ്യാപിച്ചത്. വരാപ്പുഴ അതിരൂപതയുടെ കീഴിലായിരിക്കും രൂപത. കേരളത്തിലെ 31-ാമത് കത്തോലിക്ക രൂപതയാണിത്. സീറോ മലബാര്‍ സഭയ്ക്ക് പാലക്കാട് ആസ്ഥാനമായി രൂപത ഉള്ളതിനാലാണ് നഗരത്തില്‍ തന്നെയുള്ള സുല്‍ത്താന്‍പേട്ട് രൂപതയുടെ പേരായി നിശ്ചയിച്ചത്.

 

പോണ്ടിച്ചേരി-കൂടല്ലൂര്‍ അതിരൂപതയിലെ വൈദികനായ പീറ്റര്‍ അബീര്‍ അന്തോണിസാമി റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സൗത്ത് ഏഷ്യന്‍ കാത്തലിക്ക് ബിബ്ലിക്കല്‍ ഫെഡറേഷന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

കോഴിക്കോട്‌ രൂപതാ ആസ്‌ഥാനത്ത്‌ മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ സാന്നിധ്യത്തില്‍ രൂപത ചാന്‍സലര്‍ ഫാ. എ.ഡി. മാത്യുവാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത്. വത്തിക്കാനില്‍ ഉച്ചയ്ക്ക് 12 മണിക്ക് പുതിയ രൂപതയുടേയും മെത്രാന്റേയും പ്രഖ്യാപനം നടന്നതിനൊപ്പം ഇന്ത്യന്‍ സമയം വൈകുന്നേരം 4.30-നാണ് കോഴിക്കോട്ട് പ്രഖ്യാപനം വായിച്ചത്.