ചൈനയുടെ നിയമനിര്‍മ്മാണ സഭയായ ദേശീയ ജനകീയ കോണ്‍ഗ്രസ് ശനിയാഴ്ച ‘പുന:വിദ്യാഭ്യാസ തൊഴില്‍ ക്യാമ്പുകള്‍’ നിരോധിക്കുന്ന തീരുമാനമെടുത്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ശിന്‍ഹുവ. ഏറെ വിവാദമായ ഒറ്റക്കുട്ടി നയത്തില്‍ ഇളവ് കൊണ്ടുവരാനും തീരുമാനമുണ്ട്.
കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ ആറു ദിവസം നീണ്ടുനിന്ന യോഗം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവിലെ കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനം കഴിഞ്ഞ മാസം എടുത്ത തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
ഒറ്റക്കുട്ടി നിയമത്തില്‍ പ്രഖ്യാപിച്ച ഇളവനുസരിച്ച് ദമ്പതികളില്‍ രണ്ടുപേരും അവരുടെ മാതാപിതാക്കളുടെ ഒറ്റക്കുട്ടി ആണെങ്കില്‍ അത്തരം ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ വരെ ആകാം. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ക്രമാതീതമായ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ മൂന്ന് പതിറ്റാണ്ടായി നടപ്പിലുള്ള നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ നടപ്പില്‍ വരുന്ന ഈ ഇളവ് ഒരു കോടിയോളം ദമ്പതിമാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
ജനനനിരക്ക് കുറയുകയും പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളെ അപേക്ഷിച്ച് കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. 100 പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ 115 ആണ്‍കുട്ടികളാണ് ചൈനയില്‍ ഉള്ളത്. ജനസംഖ്യയില്‍ തൊഴില്‍ശേഷിയുള്ളവരുടെ എണ്ണവും കുറഞ്ഞുവരികയാണ്.
ശിക്ഷാ സംവിധാനമായ തൊഴില്‍ ക്യാമ്പുകള്‍ നിരോധിച്ചതോടെ ഇവിടെ കഴിയുന്ന തടവുകാരെ സ്വതന്ത്രരാക്കും എന്ന് ശിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ പുന:വിദ്യാഭ്യാസത്തിലൂടെ പരിഷ്കരിക്കുക എന്ന ഉദ്ദേശത്തോടെ 1957 മുതല്‍ സ്ഥാപിച്ച ഈ ക്യാമ്പുകള്‍ പിന്നീട് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധി ആര്‍ജിച്ചവയാണ്. നീതിന്യായ വിചാരണ കൂടാതെ പോലീസ് സമിതിയ്ക്ക് നാല് വര്‍ഷം വരെ തടവ് വിധിക്കാനുള്ള അധികാരം നല്കുന്നവയാണ് ഈ വ്യവസ്ഥ. ഐക്യരാഷ്ട്രസഭ 2009-ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 1.9 ലക്ഷം പേര് ഇത്തരം ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.