Skip to main content
സലാല

rosamma punnoseആദ്യകാല കമ്മ്യൂണിസ്‌റ്റ് നേതാവ്‌ റോസമ്മ പുന്നൂസ്‌ അന്തരിച്ചു. 100 വയസായിരുന്നു. ഒമാനിലെ സലാലയിലായിരുന്നു അന്ത്യം. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗവും ആദ്യ പ്രോടേം സ്പീക്കറുമായിരുന്നു.

 

1913 മേയ്‌ 13 ന്‌ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ചെറിയാന്റെയും പായിപ്പാട്ട്‌ പുന്നക്കുടിയില്‍ അന്നമ്മയുടേയും എട്ടു മക്കളില്‍ നാലാമതായി ജനിച്ചു. പ്രമുഖ സ്വാതന്ത്ര്യസമര പ്രവര്‍ത്തകയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അക്കമ്മ ചെറിയാന്‍ സഹോദരിയാണ്. മുന്‍ എം.പിയും സിപി.ഐ നേതാവുമായിരുന്ന പി.ടി പുന്നൂസാണ് ഭര്‍ത്താവ്.

 

rosamma punnoseനിയമ ബിരുദധാരിയായ റോസമ്മ പുന്നൂസ്‌ ആദ്യ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ നിന്ന്‍ വിജയിച്ചു. 1957 ഏപ്രില്‍ പത്തിനായിരുന്നു ചരിത്രത്തില്‍ രേഖപ്പെടുത്തിയ സത്യപ്രതിജ്ഞ. കേരളത്തിലെ മറ്റൊരു ആദ്യ സംഭവത്തില്‍ കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്‍ കേരളത്തില്‍ നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിലും റോസമ്മ പുന്നൂസ് ദേവികുളത്ത് നിന്ന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പായിരുന്നു ഇത്.

 

പിന്നീട് 1982ല്‍ ആലപ്പുഴയില്‍ നിന്ന് സി.പി.ഐ. സ്ഥാനാര്‍ഥിയായി വീണ്ടും നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ , 1987ല്‍ എട്ടാം കേരള നിയമസഭയിലേക്ക് അവര്‍ ആലപ്പുഴയില്‍ നിന്നു തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

 

1939 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ റോസമ്മ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചു. തോട്ടം കോര്‍പ്പറേഷന്റെ അധ്യക്ഷയായിരുന്നു. ഹൗസിംഗ്‌ ബോര്‍ഡ്‌ അംഗം, പത്തു വര്‍ഷത്തോളം റബ്ബര്‍ ബോര്‍ഡംഗം, കേരള വനിതാ കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സി.പി.ഐ.യുടെ സംസ്‌ഥാന സമിതിയിലും അംഗമായിരുന്നു.

 

ഡോ. തോമസ് പുന്നൂസ്, ഡോ. ഗീത എന്നിവരാണ് മക്കള്‍. കഴിഞ്ഞ മേയ് 13-ന് തിരുവല്ലയില്‍ വെച്ച് റോസമ്മ പുന്നൂസിന്റെ ജന്മശതാബ്ദിയാഘോഷം സംഘടിപ്പിച്ചിരുന്നു. സംസ്കാരം തിങ്കളാഴ്ച തിരുവല്ല മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.