2002-ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തെ കുറിച്ചുള്ള തന്റെ വ്യക്തിപരമായ പ്രതികരണം ആദ്യമായി വിശദമായി പ്രകടിപ്പിച്ച് കൊണ്ട് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. രാജ്യത്ത് മുന്‍പ് നടന്ന ഏത് കലാപത്തെ അപേക്ഷിച്ചും വേഗത്തിലും നിര്‍ണ്ണായകവുമായ ഇടപെടലാണ് തന്റെ സര്‍ക്കാര്‍ നടത്തിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡി പറഞ്ഞു.
ഒരു മാസത്തോളം നീണ്ടുനിന്ന കലാപത്തില്‍ ആയിരത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം മതവിഭാഗത്തില്‍ പെടുന്നവരും. കലാപത്തിനിടയില്‍ നടന്ന കൂട്ടക്കൊലയില്‍ മോഡിയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളിയ കോടതി വിധി വന്ന്‍ പിറ്റേദിവസമാണ് ബ്ലോഗില്‍ എഴുതിയ കുറിപ്പിലൂടെ മോഡിയുടെ പ്രതികരണം. ഗുജറാത്തിന്റെ 12 വര്‍ഷം നീണ്ട അഗ്നിപരീക്ഷ അവസാനിച്ചതായി കോടതി വിധിയെ പരാമര്‍ശിച്ച് മോഡി പറയുന്നു. താനിപ്പോള്‍ സ്വാതന്ത്ര്യവും സമാധാനവും അനുഭവിക്കുന്നതായും മോഡി പറയുന്നു.
വിധിയുടെ പശ്ചാത്തലത്തില്‍ തന്റെ ചിന്തകളും വികാരങ്ങളും രാഷ്ട്രവുമായി പങ്ക് വെക്കാനാണ് കുറിപ്പ് എഴുതുന്നത്. കലാപം അപ്രതീക്ഷിതമായ ആഘാതമായിരുന്നെന്നും അത് തന്റെ ഉള്ളുലച്ചതായും മോഡി പറയുന്നു. താന്‍ അനുഭവിച്ച ശൂന്യത വിവരിക്കാന്‍ വാക്കുകള്‍ അപര്യാപ്തമാണെന്നും മോഡി കൂട്ടിച്ചേര്‍ക്കുന്നു. ആ ദിവസങ്ങള്‍ ഓര്‍ക്കുമ്പോള്‍ അത്തരം ക്രൂരവും ദൗര്‍ഭാഗ്യകരവുമായ ദിവസങ്ങള്‍ മറ്റൊരു വ്യക്തിയുടേയും സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും ദേശത്തിന്റേയും ജീവിതത്തില്‍ ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയാണ് തനിക്കുള്ളതെന്നും മോഡി പറയുന്നു.
എന്നാല്‍, തന്റെ ഗുജറാത്തി സഹോദരരുടെ മരണത്തിനും ദുരിതത്തിനും താന്‍ കാരണക്കാരനാണെന്ന ആരോപണമാണ് തനിക്ക് കൂടുതല്‍ ആന്തരിക ക്ഷോഭവും ആഘാതവും സൃഷ്ടിച്ചതെന്ന്‍ മോഡി വിശദീകരിക്കുന്നു. സങ്കുചിതവും വ്യക്തിപരവും രാഷ്ട്രീയപരവുമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തനിക്കെതിരെ നടന്ന നിലക്കാത്ത ആക്രമണത്തില്‍ തന്റെ സംസ്ഥാനത്തേയും രാജ്യത്തേയും അവര്‍ അപകീര്‍ത്തിപ്പെടുത്തിയത് തന്നെ കൂടുതല്‍ വേദനിപ്പിച്ചതായും ആരുടേയും പേര്‍ പരാമര്‍ശിക്കാതെ മോഡി പറയുന്നു.
2002 ഫെബ്രുവരി അവസാനം ഹിന്ദു കര്‍സേവകരുമായി വന്ന സബര്‍മതി എക്സ്പ്രസ് ഗോധ്രയില്‍ അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മുന്‍ കോണ്‍ഗ്രസ് എം.പി എഹ്സാന്‍ ജഫ്രി അടക്കമുള്ളവര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ മോഡിയടക്കം 62 പേര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിര ജഫ്രിയുടെ വിധവ സകിയ ജഫ്രി നല്‍കിയ പ്രതിഷേധ ഹര്‍ജിയാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ കോടതി തള്ളിയത്.