ഗുജറാത്തില്‍ നിയമവിരുദ്ധമായി യുവതിയെ പോലീസ് നിരീക്ഷണത്തിലാക്കിയ സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തേക്കും. ഒരു പ്രത്യേക സംഭവം അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചിരിക്കെ അതേ സംഭവം അന്വേഷിക്കാന്‍ മറ്റൊരു കമ്മീഷനെ നിയമിക്കുന്നത് അന്വേഷണ കമ്മീഷന്‍ നിയമത്തിന് വിരുദ്ധമാണെന്ന് ഗുജറാത്ത് ധനകാര്യ മന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. കേന്ദ്രനീക്കത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പട്ടേല്‍ അറിയിച്ചു.
ഗുജറാത്ത് പോലീസ് ഹിമാചല്‍ പ്രദേശ്, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളിലും യുവതിയുടെ ടെലിഫോണ്‍ സംഭാഷണങ്ങളും മറ്റും ചോര്‍ത്തിയെന്ന ആരോപണം ഉന്നയിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കുന്നതായി പ്രസ്താവിച്ചത്. അന്വേഷണ കമ്മീഷന്‍ നിയമത്തിലെ മൂന്നാം വകുപ്പ് ഒരു വിഷയത്തിന്റെ പരിധി രണ്ടോ അതിലധികമോ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്നതാണെങ്കില്‍ പ്രത്യേകം കമ്മീഷനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്.
കര്‍ണ്ണാടകത്തില്‍ ആര്‍ക്കിടെക്ടായ ഗുജറാത്ത് സ്വദേശിനിയെ നിരീക്ഷിക്കാന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ 2009 ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ പോലീസിലെ തീവ്രവാദ വിരുദ്ധ സംഘത്തോട് നിര്‍ദ്ദേശം നല്‍കുന്ന സംഭാഷണ രേഖകള്‍ കൊബ്രപോസ്റ്റ്, ഗുലൈല്‍ എന്നീ വെബ്സൈറ്റുകള്‍ കഴിഞ്ഞ നവംബറില്‍ പുറത്ത് വിട്ടിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആവശ്യാര്‍ത്ഥമായിരുന്നു ഈ നിരീക്ഷണം എന്നാണ് ആരോപണം. തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാര്‍ രണ്ടംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു.
ഗുജറാത്ത് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ പകപോക്കല്‍ നടപടിയാണ് കേന്ദ്രസര്‍ക്കാറിന്റേതെന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് ആരോപിച്ചു. എന്നാല്‍, ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം, ഐ.ടി നിയമം എന്നിവയുടെ നഗ്നമായ ലംഘനമായിരുന്നു നിരീക്ഷണം എന്ന്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.