Skip to main content
ചെന്നൈ

ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നൽകിയ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണൽ താൽക്കാലികമായി സ്റ്റേ ചെയ്തു. ജനുവരി 21 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്തരുതെന്നും തല്‍സ്ഥിതി തുടരണമെന്നുമാണ് ഉത്തരവ്.

 

പരിസ്ഥിതി പ്രവര്‍ത്തകനായ കെ.പി ശ്രീരംഗനാഥന്‍, ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ നടപടി. പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇക്കഴിഞ്ഞ നവംബര്‍ 18-നാണ് അനുമതി നല്‍കിയത്. എന്നാല്‍, ഇതില്‍ പരാതിയുള്ളവര്‍ക്ക് ഒരുമാസത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി.

 

മതിയായ പഠനങ്ങള്‍ നടത്താതെയും കമ്പനിയുടെ വാദങ്ങള്‍ പരിശോധന കൂടാതെ അംഗീകരിച്ചുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമമുള്‍പ്പെടെയുള്ള കേന്ദ്രപരിസ്ഥിതി സംരക്ഷണനിയമങ്ങള്‍ ലംഘിക്കുന്നതാണ് പദ്ധതിയെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.  

 

കേസില്‍ അടുത്തമാസം വാദം തുടരും. ഹര്‍ജിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ജില്ലാ കളക്ടര്‍ എന്നിവരുള്‍പ്പെടെ 21 പേര്‍ക്ക് ബഞ്ച് നോട്ടീസയക്കും.