Skip to main content
കൊച്ചി

abhaya സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അഭയ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തണമെന്നും മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി സി.ബി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കി.  

 

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി കെ.ടി. മൈക്കിള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളിയതിനെതിരെയാണ് മൈക്കിള്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

അഭയ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രാഥമിക തെളിവുകള്‍ നശിപ്പിച്ചുവെന്നത് അന്വേഷിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൈക്കിളിനെ തെളിവു നശിപ്പിച്ചതിന്റെ പേരിൽ സി.ബി.ഐ പ്രതിസ്ഥാനത്ത് നിർത്തിയിരുന്നു. സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ മൈക്കിളിന് അറിയാമായിരുന്നുവെന്നായിരുന്നു സിബിഐ കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നാണ് പ്രാഥമിക തെളിവുകള്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും തുടരന്വേഷണം വേണമെന്നും കാണിച്ച് മൈക്കിള്‍ കോടതിയെ സമീപിച്ചത്.

 

വൈദികരായ തോമസ്‌ കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന വിചാരണ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു. കൊല, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2009 ജൂലൈ 17-നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇവര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.  

 

1992 മാര്‍ച്ച് 27നാണ് ക്നാനായ കത്തോലിക്കാ സഭയിലെ സന്യാസിനിയായ സിസ്റ്റര്‍ അഭയയെ കോണ്‍വെന്റിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബി.സി.എം. കോളേജില്‍ പ്രീ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു 19 കാരിയായിരുന്ന അഭയ. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മരണം ആത്മഹത്യയാണെന്നായിരുന്നു കണ്ടത്തെിയത്. 1993-ല്‍ കേസ് ഏറ്റെടുത്ത സി.ബി.ഐ അഭയയുടേത് കൊലപാതകമാണെന്ന് കണ്ടത്തെിയെങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് കോടതിയെ അറിയിച്ചു.

 

എന്നാല്‍, 16 വര്‍ഷത്തിനുശേഷം 2008 നവംബര്‍ 19-ന് വൈദികരായ തോമസ്‌ കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.