ഇനി നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് വിശുദ്ധനിൽ അവസാനമായി വൈശാഖ് പറയുന്നത്. സത്യം പറഞ്ഞാൽ ഒരു മുട്ടൻ കല്ല് അവിടെയെവിടെയെങ്കിലും കിട്ടുമോ എന്നാണ് തപ്പിയത്. പക്ഷെ തിയേറ്ററ് ഉടമ എന്തു പിഴച്ചു എന്നോർത്ത് അടങ്ങി. എന്തായാലും ഇങ്ങിനെയൊരു പാപം ഞാൻ ചെയ്തിട്ടില്ല. ഇനി ഒരു സിനിമ എടുത്തോളൂ എന്നു പറഞ്ഞ് ആരെങ്കിലും കോടികൾ കൊണ്ടു തന്നാലും ഇങ്ങനെയൊരു സിനിമ എടുക്കുകയുമില്ല. വൈശാഖ് രചനയും സംവിധാനവും നിർവ്വഹിച്ച വിശുദ്ധൻ കണ്ടപ്പോൾ തോന്നിയ ആദ്യ വികാരം ഇതാണ്.
രണ്ടര മണിക്കൂർ കൊണ്ട് മനുഷ്യൻ ഒരു പരുവത്തിലായി. പശ്ചാത്തല സംഗീതം എന്ന മലിനീകരണം ഒരു വശത്ത്, കഥാപാത്രങ്ങളുടെ കാതടപ്പിക്കുന്ന അലർച്ച വേറെ. ചോരപുരണ്ട ദൃശ്യങ്ങളുടെ മനംമടുപ്പിക്കുന്ന കാഴ്ചകൾ. ഇതെല്ലാം എന്തിനെന്നു ചോദിച്ചാൽ ആ എന്നൊരു തോന്നലും.
നാട്ടിൽ കൂണുപോലെ മുളച്ചുപൊങ്ങുന്ന മെഡിക്കൽ കോളേജുകൾ. അതിലെ വിദ്യാർഥികൾക്ക് പഠിക്കാൻ ശവശരീരമില്ല. എന്തു ചെയ്യും. നാട്ടിലെ പ്രമാണിയായ വാവച്ചൻ കണ്ടെത്തിയ മാർഗം അനാഥാലയത്തിന്റെ മുഖ്യ സ്പോൺസർ ആവുക എന്നതാണ്. അവിടെ ആരോരുമില്ലാതെ മരിക്കുന്നവരുടെ ശവശരീരം വിദ്യാർഥികൾക്കുള്ള പഠനോപകരണമാവുന്നു. ശവശരീരം തികയാതെ വരുമ്പോൾ പലരേയും തട്ടിക്കളയാനും അയാൾ മടിക്കുന്നില്ല. ഇതിനെതിരെ സണ്ണിച്ചൻ എന്ന പുരോഹിതൻ നടത്തുന്ന യുദ്ധമാണ് സിനിമയുടെ കഥ.
സമകാലിക പ്രസക്തിയുള്ള ഒരു വിഷയം ചിത്രത്തിലുണ്ടായിരുന്നു. കുറച്ച് നല്ല മുഹൂർത്തങ്ങൾ സൃഷ്ടിക്കാനും വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. പക്ഷെ മൊത്തത്തിൽ സിനിമ പതിവു ക്ലിഷേകൾ കൊണ്ട് കുത്തിനിറച്ചെടുത്ത ഒരവിശുദ്ധ സൃഷ്ടിയായിപ്പോയി.
ഇടയ്ക്ക് ലാലിന്റെ ഇടിയനായ അച്ചൻ വന്നപ്പോൾ ഒന്നാശ്വാസിച്ചതാണ്. എന്നാൽ ആ കഥാപാത്രത്തേയും സംവിധായകൻ കൊന്നു കളഞ്ഞു. ശശികുമാർ (ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം), സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ഇങ്ങനെ എക്ട്രാ നടൻമാരായി പ്രത്യക്ഷപ്പെടുന്നുണ്ടീ ചിത്രത്തിൽ. ചാക്കോച്ചനാണെങ്കിൽ തുമ്പി കല്ലെടുത്തതുപോലെ തന്റെ കഥാപാത്രത്തേയും കൊണ്ട് പാടുപെടുന്നതു കണ്ടു. പ്രത്യേകിച്ചും രണ്ടാം പാതിയിൽ.
ത്യാഗത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമായ യേശുവിനേയും അദ്ദേഹത്തിന്റെ ആശയങ്ങളുടെ അക്ഷരരൂപമായ ബൈബിളിനേയും പിടിച്ചൊരു സിനിമയെടുക്കുമ്പോൾ ചോരയിൽ മുക്കിയെടുത്താലേ എല്ലാതരം പാപികളേയും ഇല്ലാതാക്കാൻ പറ്റൂ എന്ന സംവിധായകന്റെ കാഴ്ചപ്പാടു തന്നെയാണ് ആദ്യം മാറേണ്ടത്. ഈ ചിത്രത്തിന്റെ പ്രധാന ദൗർബല്യവും അതു തന്നെ. തികച്ചും നെഗറ്റീവായ സീനുകളും സന്ദർഭങ്ങളും കൊണ്ടും മനം മടുത്തിറങ്ങുന്ന പ്രേക്ഷകർ അതുകൊണ്ട് തന്നെയാണ് ഈ ചിത്രത്തോട് പുറം തിരിഞ്ഞു നിന്നതും. സണ്ണിച്ചൻ അച്ചനായിരിക്കുമ്പോൾ നഴ്സിങ്ങ് പഠിക്കാൻ ഒരു വിദ്യാർഥിനിയെ ബാംഗ്ലൂരിലേക്ക് പറഞ്ഞു വിടുന്നു. അച്ചനെ സഭ പുറത്താക്കിയപ്പോൾ ആ പാവം പെൺകുട്ടിയെ അച്ചൻ അങ്ങ് മറക്കുന്നു. അവൾ ലൈംഗിക തൊഴിലാളിയായി മാറി. അവളെ ഒരു റിസോർട്ടിൽ വെച്ച് സണ്ണിച്ചൻ കണ്ടിട്ടും ഒന്നോടി അവളെ വിളിക്കാൻ ശ്രമിച്ചതല്ലാതെ ഒന്നും ചെയ്തില്ല. സണ്ണിച്ചന് അവന്റെ വീട്ടുകാർ പത്തുലക്ഷം രുപ ജീവിക്കാൻ കൊടുത്തിട്ടുമുണ്ട് കേട്ടോ? ലൈംഗികതൊഴിലാളിയായ അവളെ പോലീസ് പിടിക്കുകയും സ്വന്തം അച്ഛൻ അതു കാണാനിടവരികയും രണ്ട് ആത്മഹത്യയിലേക്കത് നയിക്കുകയും ചെയ്യുന്നു. ഇങ്ങനെ ആകെ മൊത്തം മരണവും ചേരക്കളികളും തന്നെ... ഒരു മുന്നറിയിപ്പു കൂടി നൽകാം. ദയവു ചെയ്തു നിങ്ങൾ കുട്ടികളേയും കൂട്ടി ഈ ചിത്രത്തിന് പോകരുത്.
ഫീൽ ദ ഡിഫറൻസ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ശരിയാണ്. വൈശാഖിന്റെ ചിത്രങ്ങൾ മാത്രം കാണുന്നവരെ സംബന്ധിച്ചിടത്തോളമാണെന്നു മാത്രം. അല്ലെങ്കിലും ഹിറ്റ്, സൂപ്പർഹിറ്റ്, മെഗാഹിറ്റ് എന്നെല്ലാം അടിച്ചുവിടുന്നതു പോലെയേയുള്ളൂ അതും.
ചിത്രത്തിൽ വൻതാരനിര അണിനിരക്കുന്നുണ്ട്. അനൂപ് മേനോൻ, ലാൽ, ഹരീഷ് പേരടി, സുരാജ് വെഞ്ഞാറമ്മൂട്, കൃഷ്ണകുമാർ, നന്ദു, അനിൽ മുരളി, ഷിജു, വിനോദ് കോവൂർ, മുൻഷി വേണു, ജയശങ്കർ, ജെയിംസ് പാറമ്മൽ, വിനോദ്, മധു പെരുന്ന, ശ്രീലത, വനിത, രമ്യശ്രീ, ഇന്ദുലേഖ എന്നിങ്ങനെ. റഫീക്ക് അഹമ്മദ്, മുരുകൻ കട്ടാക്കട, ഗോപി സുന്ദർ എന്നിവർ ചേർന്ന് മനോഹരമാക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എടുത്തുപറയേണ്ടതാണ്. ഷഹനാസ് ജലാലിന്റെതാണ് ക്യാമറ. എഡിറ്റിങ്ങ് മഹേഷ് നാരായണൻ. ആന്റോ ജോസഫാണ് നിർമ്മാണം.