ആനപ്പിണ്ടത്തിൽ നിന്ന് ചന്ദനത്തിരി മാത്രമല്ല, ഒരു സിനിമ തന്നെയുണ്ടാക്കാം എന്നു തെളിയിച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ. തൃശ്ശൂർ ഭാഷയുടെ ഹാസ്യസാധ്യതകളും സമകാലിക രാഷ്ട്രീയത്തിലെ നാറുന്ന ചില പ്രശ്നങ്ങളും മനുഷ്യസ്വഭാവത്തിലെ കാര്യം നേടാൻ കാട്ടുന്ന നെറികേടുകളും അവസരവാദവുമെല്ലാം അപഗ്രഥിക്കാനുള്ള ശ്രമമാണ് രഞ്ജിത് ശങ്കർ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്.
അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങൾ പലതും കണ്ടതിന്റെ ക്ഷീണം ഒന്ന് മാറിക്കിട്ടിയെന്നാണ് ഒരു പ്രേക്ഷകൻ ഈ ചിത്രം കണ്ടിറങ്ങുമ്പോൾ പറഞ്ഞത്. അതു തന്നെയാണ് ഈ ചിത്രത്തിന് നൽകാവുന്ന നല്ലൊരു സർട്ടിഫിക്കറ്റ്. മഹത്തായ സിനിമ എന്നൊന്നും അർഥമാക്കണ്ട. സത്യസന്ധമായ നർമ്മം വാരി വിതറി പ്രേക്ഷകനെ ചിരിപ്പിക്കുകയും അൽപം ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം.
പുറത്തിറങ്ങി പടത്തെ പറ്റി ചിന്തിക്കുമ്പോൾ ക്ലൈമാക്സ് എന്തിനിങ്ങനെ തട്ടിക്കൂട്ടി എന്നു നമുക്ക് തോന്നിപ്പോകും. ഇടവേള വരെ നല്ല ഒഴുക്കോടെ നീങ്ങിയ ചിത്രം പിന്നീടങ്ങോട്ട് ഇഴയുന്നുണ്ട്. എന്നാൽ അപ്പോഴും ഹാസ്യം ആശ്വാസമായെത്തുന്നുണ്ട് എന്നതുകൊണ്ടാണ് പ്രേക്ഷകർ മുഷിയാതെയിരിക്കുന്നത്. തുടക്കത്തിൽ ഈ ചന്ദനത്തിരി പരത്തിയ സുഗന്ധം അവസാനമായപ്പോഴേക്കും കുറഞ്ഞു കുറഞ്ഞുപോകുന്നതായി തോന്നി. അല്ലേലും ചന്ദനത്തിരി അങ്ങനാണല്ലോ?
അംബാനിയാകാൻ പല ബിസിനസും പയറ്റി അവസാനം പുണ്യാളൻ അഗർബത്തീസിൽ എത്തി നിൽക്കുന്ന ജോയി താക്കോൽക്കാരന്റെ കഥയാണ് രഞ്ജിത്ത് പറയുന്നത്.
ജയസൂര്യ ജോയ് താക്കോൽക്കാരനായി നല്ല പ്രകടനം കാഴ്ച വച്ചു. ശ്രീജിത്ത് രവിയുടെ അഭയകുമാർ എന്ന പാവം ഡ്രൈവറുടെ വേഷമാണ് ശരിക്കും കലക്കനായത്. ശ്രീജിത്തിനൊരു പ്രത്യേക സല്യൂട്ട്. സുനിൽ സുഗദ ചെയ്ത ജില്ലാ മജിസ്ട്രേറ്റ്, ടി.ജി രവിയുടെ ഗാന്ധിയൻ വേഷം, അജു വർഗീസിന്റെ നായകസുഹൃത് വേഷം എന്നിവയും ഭംഗിയായി. നൈല ഉഷയുടെ നായികവേഷം നായകന്റെ നിഴൽ മാത്രമായിപ്പോയി. എന്നാലും ഇരുവരും ചേർന്നുള്ള കുടുംബ മുഹൂർത്തങ്ങൾ ആസ്വാദ്യകരമായിരുന്നു. നർമ്മവും സ്നേഹവും അത് മനസിലെത്തിക്കുന്നുണ്ടായിരുന്നു.
ഇന്നസെന്റും തെസ്നി ഖാനും ഇടവേള ബാബുവും പൊന്നമ്മ ബാബുവുമെല്ലാമായി വേറെയും അഭിനേതാക്കളുണ്ട് ചിത്രത്തിൽ. എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തിത്വം നൽകുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. രണ്ട് പാട്ടുകളുണ്ട് ചിത്രത്തിൽ. അതിലൊരെണ്ണം പിന്നണി പാടിയത് നായകൻ ജയസൂര്യ തന്നെയാണ്. പക്ഷെ പാട്ടില്ലെങ്കിലും ചിത്രത്തിനൊരു കുഴപ്പവുമില്ലെന്നു തോന്നി. അതു കേട്ടപ്പോഴും അതിന്റെ ദൃശ്യവത്കരണം കണ്ടപ്പോഴും.
കോടതിമുറികളിലെ കാഴ്ചകളിലും കോടതി നടപടിക്രമങ്ങളിലുമെല്ലാം ലോജിക് എങ്ങോ പോകുന്നു. പക്ഷെ പ്രേക്ഷകനത് ക്ഷമിക്കും. കാരണം അതിനു പിന്നിലുള്ള ആക്ഷേപഹാസ്യത്തെ മാനിക്കുന്നതു കൊണ്ട്.
ചുരുക്കത്തിൽ, എന്തുകൊണ്ടും കണ്ടിരിക്കാവുന്നൊരു ചിത്രമാണ് പുണ്യാളൻ എന്നു അടിവരയിട്ടു പറയാം.