Skip to main content
ബീജിംഗ്

ഒറ്റക്കുട്ടി നയത്തില്‍ ചൈന ഇളവ് അനുവദിക്കുന്നു. ഗോത്രവിഭാഗങ്ങള്‍ക്കും ഗ്രാമനിവാസികള്‍ക്കും ഒഴികെ മറ്റെല്ലാ കുടുംബങ്ങളിലും ഒരു കുട്ടി മാത്രമേ പോടുള്ളു എന്ന 1979-ലെ നിയമത്തിന് ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.

 

അടുത്തിടെ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയുടെ മൂന്നാം പ്ലീനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഒറ്റക്കുട്ടി നയം റദ്ദാക്കുമെന്നും ഒരു കുടുംബത്തിലെ അച്ഛനമ്മമാര്‍ ഒറ്റക്കുട്ടികളാണെങ്കില്‍ അവര്‍ക്ക് രണ്ട് കുട്ടികള്‍  വരെയാകാമെന്ന് പുതിയ നിയമം കൊണ്ടുവരുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2030 ആവുമ്പോഴേക്കും ചൈന വൃദ്ധരുടെ രാജ്യമാകും എന്ന റിപ്പോര്‍ട്ടുകളാണ് ഒറ്റകുട്ടി നയത്തിലെ ഇളവിന് കാരണമായെന്നാണ് സൂചന.

 

രാജ്യത്ത് യുവാക്കളുടെ എണ്ണം കുറയുന്നതും വൃദ്ധന്മാരുടെ എണ്ണം വര്‍ധിക്കുന്നതും ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിക്കുന്നതിനാല്‍ ഒറ്റക്കുട്ടി നയം വളരെ കര്‍ശനമായിരുന്നു. നിയമം ലംഘിക്കുന്ന മാതാപിതാക്കളെ വിചാരണ കൂടാതെ തടവിലിടുന്നതടക്കമുള്ള കര്‍ശനനടപടികളാണ് അധികൃതര്‍ സ്വീകരിച്ചിരുന്നത്.