Skip to main content

സമൂഹത്തില്‍ ഏതെങ്കിലും സ്ഥാനം വഹിക്കുന്ന വ്യക്തി ആ സ്ഥാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വസ്തുതകള്‍ പറയുകയാണെങ്കില്‍ അത് സമൂഹത്തെ അറിയിക്കുക മാധ്യമങ്ങളുടെ കടമയാണ്. ആ സ്ഥാനത്തിന് അതീതനായി ആ വ്യക്തിക്ക് സാമൂഹികമായ യോഗ്യതകളില്ലെങ്കില്‍ മറ്റ് വിഷയങ്ങളില്‍ അദ്ദേഹം ശരാശരി പൗരനെപ്പോലെയാണ്. മാധ്യമങ്ങളുടെ ഏറ്റവും സുപ്രധാനമായ ഒരു ധര്‍മങ്ങളിലൊന്നാണ് ശ്രദ്ധേയമായ വാക്കുകള്‍ വായനക്കാരുടെ, പ്രേക്ഷകരുടെ അല്ലെങ്കില്‍ കേള്‍വിക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നത്. ഓരോ വിഷയങ്ങളിലും , പ്രത്യേകിച്ചും ടെലിവിഷനില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ആ വിഷയത്തിന്റെ ആഴങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുക എന്നതാവണം ലക്ഷ്യം. അങ്ങിനെയുള്ള ചര്‍ച്ചകള്‍ക്ക് പ്രേക്ഷകര്‍ കുറയുമെന്നൊരു ഭീതി ഒരുപക്ഷേ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകാം. കാരണം അത് ഒരു പൊതുധാരണയുടെ പ്രശ്‌നം മൂലം സംഭവിക്കുന്നതാണ്. അതായത് എന്തും നേരായ രീതിയില്‍ ചെയ്താല്‍ വിജയിക്കില്ല എന്ന വര്‍ത്തമാനകാല വ്യവസ്ഥാപിത ധാരണ. അത് തെറ്റിദ്ധാരണയാണ്. നല്ല പരിപാടികള്‍ക്ക് ടെലിവിഷനിലല്ല ഏതു മാധ്യമത്തിലായാലും പ്രേക്ഷകര്‍ ഉണ്ടാവും. ഇവിടെ വിഷയം വ്യക്തിയും വാക്കുമാണ്.

കേരളത്തിലെ ടെലിവിഷന്‍ മാധ്യമത്തിന്റെ ശോചനീയ അവസ്ഥയുടെ ജൈവമൂര്‍ത്തിമദ് രൂപമാണ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടെലിവിഷനിലൂടെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടാക്കുന്ന സാംസ്‌കാരിക മലിനീകരണം ചെറുതല്ല. ജനശ്രദ്ധ ആകര്‍ഷിക്കപ്പെടുന്ന രീതിയില്‍ പൊതുസമൂഹത്തിന്റെ ഏറ്റവും ചുരങ്ങിയ മര്യാദകള്‍ക്കപ്പുറമുള്ള സംഭാഷണങ്ങളിലുടെ തങ്ങളുടെ ചാനലിന് പ്രേക്ഷകരെ കൂട്ടാം എന്നതുകൊണ്ടാണ്  അവസരത്തിലും അനവസരത്തിലും ചാനലുകാര്‍ അദ്ദേഹത്തെ കാണിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ സവിശേഷമായ ഗുണത്തിന്റെ ഫലമാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. അതിനെ ജനാധിപത്യത്തിന്റെ പരാജയമെന്ന് വിളിക്കുന്നത് ശരിയല്ല. കാരണം അതാണ് ജനാധിപത്യത്തിന്റെ വഴിയും സൗന്ദര്യവും. അനര്‍ഹരായവര്‍ ജനാധിപത്യത്തിന്റെ അവസരങ്ങള്‍ മുതലെടുത്ത് തിരഞ്ഞെടുക്കപ്പെടുകയും അധികാരസ്ഥാനങ്ങളിലെത്തുകയും ചെയ്യുമെന്നുള്ളതുകൊണ്ട് അതിനെ ജനാധിപത്യത്തിന്റെ ദൗര്‍ബല്യമായി കാണാന്‍ പാടില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ജാഗ്രതയും ശ്രദ്ധയും വേണമെന്നാണ് അത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

ജനത്തിന്റെയും മാധ്യമങ്ങളുടേയും ശ്രദ്ധയും ജാഗ്രതയും നഷ്ടപ്പെട്ട സാമൂഹികാന്തരീക്ഷമാണ് അത്തരക്കാര്‍ക്ക് ലഭ്യമാകുന്ന ആത്മബലം. ആ ആത്മബലമാണ് പി.സി.ജോര്‍ജിനെ പൊതുരംഗത്ത് പ്രവര്‍ത്തിക്കാനും അധികാരസ്ഥാനങ്ങള്‍ അലങ്കരിക്കാനും ശക്തിനല്‍കുന്നത്. വാര്‍ത്തയെ നിശ്ചയിക്കുക എന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകനെ മാധ്യമപ്രവര്‍ത്തകനാക്കുന്നത്. അല്ലാതെ കാണുന്നതെല്ലാം പകര്‍ത്തിക്കാണിക്കുന്നതല്ല. അത് ആര്‍ക്കും ആകാവുന്നതേയുള്ളു. ജോര്‍ജ് അദ്ദേഹത്തിന്റെ സംസ്‌കാരത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അതിനപ്പുറം അദ്ദേഹത്തിന് കഴിയില്ല. അവിടെ ജോര്‍ജ് സാമൂഹികമായ സഹതാപമര്‍ഹിക്കുന്നു. അദ്ദേഹത്തിന്റെ കൂടി സാംസ്‌കാരിക ഉന്നതിക്കു ഉതകുമാറ് പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തില്‍ ഇടപെടുന്നവര്‍ക്കും ബാധ്യതയുണ്ട്. വൃത്തികേടുകള്‍ പറഞ്ഞാല്‍ കേള്‍ക്കപ്പെടുകയില്ല എന്നൊരു സ്ഥിതിവിശേഷമുണ്ടായാല്‍ ജോര്‍ജ് സ്വാഭാവികമായും മാറും. മാറിയേ പറ്റൂ. മാധ്യമസ്വഭാവത്തെക്കുറിച്ചുളള പ്രായോഗിക ധാരണയാണ് ജോര്‍ജിനെ ഇവ്വിധം പെരുമാറുന്നതില്‍ പ്രോത്സാഹിപ്പിക്കുന്നത്.

1.        എന്താണ് ടെലിവിഷന്‍ ചാനലുകള്‍ ജോര്‍ജിന്റെ വാക്കുകളില്‍ കാണുന്ന നേതൃഗുണങ്ങള്‍? അഥവാ ജോര്‍ജിന്റെ അഭിപ്രായങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണെന്ന് ചാനലുകാര്‍ നിശ്ചയിക്കുന്നതിനുളള മാനദണ്ഡങ്ങള്‍?

2.       ജോര്‍ജിന് എന്തെങ്കിലും പ്രത്യയശാസ്ത്രനിലപാടുണ്ടോ?

3.       പൊതുസമൂഹത്തില്‍ വ്യക്തി എന്ന നിലയില്‍ പാലിക്കേണ്ട പരസ്പരബഹുമാനം എന്ന ചുരുങ്ങിയ പൗരബോധം ജോര്‍ജ് കാണിക്കുന്നുണ്ടോ?

4.       രാഷ്ട്രീയപ്രവര്‍ത്തനം അദ്ദേഹം എന്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നത്?

5.       അദ്ദേഹം ധാര്‍മികമായി ഔന്നത്യം പുലര്‍ത്തുന്ന മാതൃകാ പുരുഷനോ?

6.       സംസ്ഥാനത്തിന്റെ പൊതുതാല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന വ്യക്തിയാണോ?

7.       ജോര്‍ജ് സാമൂഹിക ചിന്തകനാണോ?

8.       ഏതെങ്കിലും വിഷയങ്ങളില്‍ അവഗാഹമുണ്ടോ?

9.       അഭിപ്രായങ്ങള്‍ക്ക് ഏതെങ്കിലും അടിത്തറയുണ്ടോ?

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണെങ്കില്‍ ഒരു കാര്യം മനസ്സിലാകും ജോര്‍ജിന്റെ പേരില്‍ കേരളത്തിലുണ്ടായ സാംസ്‌കാരിക മലിനീകരണത്തിന് ജോര്‍ജല്ല, കേരളത്തിലെ ടെലിവിഷന്‍ ചാനലുകളാണ് ഉത്തരവാദികളെന്ന്. ഇപ്പോള്‍ ജോര്‍ജൊഴികെ ഭരണമുന്നണിയിലും പ്രതിപക്ഷത്തുമുള്ളവര്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു. ഇനി അദ്ദേഹത്തെ സഹിക്കാന്‍ വയ്യ എന്ന നിലപാടെടുത്തിരിക്കുന്നു. ഇനിയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും ജല്പനങ്ങള്‍ക്കും ചാനലുകള്‍ വില കല്‍പ്പിച്ച് ജനസമക്ഷം അവതരിപ്പിക്കുകയാണെങ്കില്‍ അത് മാധ്യമങ്ങളുടെ അവശേഷിക്കുന്ന വിശ്വാസ്യതയില്‍ ശോഷണത്തിനു ആക്കം കൂട്ടും. ഒപ്പം മാധ്യമങ്ങള്‍ക്കും നിയന്ത്രണം ആവശ്യമാണെന്ന പൊതുധാരണാരൂപീകരണത്തിലേക്ക് കാര്യങ്ങള്‍ നയിക്കപ്പെടും. അത് വിപത്താണ്. ഒരു മനുഷ്യന്റെ അറിവുകേടിനെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തനം നടത്തി ശ്രദ്ധയാകര്‍ഷിക്കുന്നത് മോശമാണെന്നുള്ള ബോധമെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകേണ്ടതാണ്.