ബെയ്ജിങ്: കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍സെക്രട്ടറി ശി ചിന്‍ഭിങ്ങിനെ ചൈനയുടെ പുതിയ പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. വൈസ്പ്രസിഡന്റ് സ്ഥാനത്ത് പൊളിറ്റ്ബ്യൂറോയിലെ പരിഷ്കരണവാദി ലി യുവാന്‍ ക്ഷാവോ തിരഞ്ഞെടുക്കപ്പെട്ടു. വന്‍ ചിയാബാവോക്ക് പകരം പുതിയ പ്രധാനമന്ത്രിയായി ലി ഖെചിയാങ്ങിനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കും. ഇതോടെ രാജ്യത്ത് പത്തുവര്ഷത്തിലൊരിക്കല് നടക്കുന്ന അധികാരക്കൈമാറ്റപ്രക്രിയ പൂര്‍ത്തിയാകും. കഴിഞ്ഞ നവംബറിലാണ് ശി ചിന്‍ഭിങ്ങിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയും സൈന്യത്തിന്റെ നിയന്ത്രണമുള്ള സമിതിയായ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ അധ്യക്ഷനായും തിരഞ്ഞെടുത്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറി രാജ്യത്തിന്റെ പ്രസിഡന്റാകുന്നതാണ് ചൈനയിലെ കീഴ്വഴക്കം.