Skip to main content
ന്യൂഡല്‍ഹി

lk advaniഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലിനെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു പട്ടേലിനെ സമ്പൂര്‍ണ്ണ വര്‍ഗീയവാദിയെന്ന്‍ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി. സ്വതന്ത്രരാജ്യമായി നിന്ന ഹൈദരാബാദിനെ പിടിച്ചെടുക്കാന്‍ സൈന്യത്തെ അയക്കണമെന്ന പട്ടേലിന്റെ നിര്‍ദ്ദേശത്തിന് മറുപടിയായാണ് നെഹ്രു ഇങ്ങനെ പറഞ്ഞതെന്ന് അദ്വാനി തന്റെ ബ്ലോഗില്‍ ചൂണ്ടിക്കാട്ടുന്നു.

 

ഫാക്ട് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന എം.കെ.കെ. നായരുടെ ആരോടും പരിഭവമില്ലാതെ എന്ന ഓര്‍മ്മക്കുറിപ്പുകളുടെ ഇംഗ്ലിഷ് വിവര്‍ത്തനത്തിലെ ഭാഗങ്ങള്‍ തന്റെ പുതിയ ബ്ലോഗ്‌ പോസ്റ്റില്‍ ഉദ്ധരിക്കുകയാണ് അദ്വാനി ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ ‘പോലീസ് നടപടി’ സ്വീകരിക്കുന്നതിന് മുന്‍പായി കാബിനറ്റ് മീറ്റിംഗില്‍ നെഹ്രുവും പട്ടേലും തമ്മില്‍ നടന്ന രൂക്ഷമായ വാക്കുതര്‍ക്കം ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന നായര്‍ വിവരിക്കുന്ന ഭാഗമാണ് അദ്വാനി ബ്ലോഗില്‍ ഉദ്ധരിക്കുന്നത്.  

 

പാകിസ്താന്റെ ഭാഗമാകാന്‍ ഹൈദരാബാദ് നൈസാം തീരുമാനിച്ചതായും ജനങ്ങള്‍ക്ക് മേല്‍ കടുത്ത അക്രമം അഴിച്ചുവിടുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലേക്ക് സൈന്യത്തെ അയക്കാന്‍ പട്ടേല്‍ ശുപാര്‍ശ ചെയ്തത്. സാധാരണ ശാന്തമായും സമാധാനപൂര്‍വമായും അന്താരാഷ്ട്ര മര്യാദകള്‍ അനുസരിച്ചും സംസാരിക്കുന്ന നെഹ്രു ആ അവസരത്തില്‍ ആത്മസംയമനം നഷ്ടമായ രീതിയിലാണ് സംസാരിച്ചതെന്ന് നായര്‍ പറയുന്നു. ‘നിങ്ങള്‍ ഒരു സമ്പൂര്‍ണ്ണ വര്‍ഗ്ഗീയവാദിയാണ്. ഞാന്‍ ഒരിക്കലും നിങ്ങളുടെ ശുപാര്‍ശ അംഗീകരിക്കില്ല’ എന്നായിരുന്നു നെഹ്രുവിന്റെ മറുപടി. പട്ടേല്‍ അക്ഷോഭ്യനായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം മുറി വിട്ടുപോയതായും നായരെ ഉദ്ധരിച്ച് അദ്വാനി പറയുന്നു.

 

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേല്‍ ഹിന്ദുത്വ ആശയങ്ങള്‍ പുലര്‍ത്തിയിരുന്ന ആളാണെന്ന വാദം ബി.ജെ.പി സമീപകാലത്ത് സക്രിയമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 31-ന് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ 185 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ നിര്‍മ്മാണം ഗുജറാത്തില്‍ ആരംഭിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയാണ് ഈ പദ്ധതിയുടെ പിന്നില്‍. പട്ടേലിന്റെ മതേതരത്വമാണ് വോട്ടുബാങ്ക് മതേതരത്വമല്ല ഇന്ത്യക്ക് ആവശ്യമെന്നും മോഡി പ്രസ്താവിച്ചിരുന്നു.

 

അന്ന്‍ ഗവര്‍ണ്ണര്‍ ജനറല്‍ ആയിരുന്ന സി. രാജഗോപാലാചാരിയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ ഹൈദരാബാദിലേക്ക് സൈന്യത്തെ അയക്കാന്‍ നെഹ്രു തീരുമാനിച്ചതെന്ന് നായരെ ഉദ്ധരിച്ച് അദ്വാനി ബ്ലോഗില്‍ പറയുന്നു.
 

Tags