ബീജിങ്ങിലെ തിയനന്‍മന്‍ ചത്വരത്തില്‍ തിങ്കളാഴ്ച ഉണ്ടായ കാര്‍ സ്ഫോടനം ഭീകരാക്രമണമാണെന്ന് ചൈന. അപകടമെന്ന് ആദ്യം കരുതപ്പെട്ടിരുന്ന ഈ സംഭവത്തിന് ശേഷം ഉയ്ഗുര്‍ മുസ്ലിം വിഭാഗത്തില്‍ പെട്ട പത്തിലധികം പേരെ ബീജിങ്ങില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉയ്ഗുര്‍ മുസ്ലിം വിഭാഗത്തിന് ഭൂരിപക്ഷമുള്ള ശിന്‍ചിയാങ്ങ് പ്രവിശ്യയില്‍ നിന്നെത്തിയ എട്ടു പേര്‍ സെപ്തംബര്‍ മുതല്‍ നടത്തിയ ആസൂത്രണത്തിന് ശേഷമാണ് സ്ഫോടനം നടത്തിയതെന്നാണ് ഔദ്യോഗിക മാധ്യമമായ ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. 6,500 ഡോളറില്‍ അധികം സാമ്പത്തിക സഹായവും ഇവര്‍ സമാഹരിച്ചതായി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീജിങ്ങ് ഭരണകൂടം തങ്ങളോട് വിവേചനം കാണിക്കുന്നു എന്നാരോപിച്ച് വിഘടനവാദ സംഘടനകള്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന മേഖലയാണ് ശിന്‍ചിയാങ്ങ്.
കാറില്‍ 400 ലിറ്റര്‍ പെട്രോളുമായി മൂന്ന്‍ പേര്‍ ചത്വരത്തിലേക്ക് കാറോടിച്ചു കയറ്റുകയായിരുന്നു. ഇവരും രണ്ട് വിനോദസഞ്ചാരികളും കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗൂഡാലോചനയില്‍ ഭാഗമായിരുന്ന മറ്റ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് പിന്നില്‍ ശിന്‍ചിയാങ്ങിലെ ഉയ്ഗുര്‍ മുസ്ലിം വിഘടനവാദ സംഘടനയായ കിഴക്കന്‍ തുര്‍ക്കിസ്താന്‍ ഇസ്ലാമിക പ്രസ്ഥാനം (ഇ.ടി.ഐ.എം) ആണെന്ന് ചൈനയിലെ ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി മങ്ങ് ചിയന്‍ക്ഷു ആരോപിച്ചു. ഇ.ടി.ഐ.എമ്മിനെ 2002-ല്‍ യു.എന്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, ആക്രമണത്തിന് പിന്നാലെ ശിന്‍ചിയാങ്ങില്‍ രണ്ട് ദിവസത്തിനുള്ളില്‍ 53 പേരെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തതായി ലോക ഉയ്ഗുര്‍ കോണ്‍ഗ്രസ് അറിയിച്ചു.
ഉയ്ഗുര്‍ - ഹാന്‍ ചൈനീസ് വിഭാഗങ്ങള്‍ തമ്മില്‍ ശിന്‍ചിയാങ്ങില്‍ സംഘര്‍ഷങ്ങള്‍ പതിവാണ്. എന്നാല്‍, ബീജിങ്ങില്‍ ഒരു പ്രധാന ആക്രമണത്തിന്റെ ഉത്തരവാദിത്വം ചൈനീസ് അധികാരികള്‍ ഉയ്ഗുര്‍ വിഭാഗത്തില്‍ ആരോപിക്കുന്നത് ഇതാദ്യമാണ്.