Skip to main content
ന്യൂഡല്‍ഹി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പേരെടുത്തുപറയാതെ വിമര്‍ശിച്ച് നിതീഷ് കുമാര്‍ വീണ്ടും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ ദേശീയ കണ്‍വെന്‍ഷനിലാണ് നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയത്. ചെങ്കോട്ടയില്‍ പ്രസംഗിക്കാനും പ്രധാനമന്ത്രിയാകാനുമുള്ള മോഡിയുടെ സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കുമെന്നു നിതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വേച്ഛാധിപത്യ ശക്തികളെ തകര്‍ക്കാന്‍ ജനാധിപത്യം കൊണ്ട് മാത്രമേ സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.  

 

ഡല്‍ഹി താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ 16 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്, ജെ.ഡി.യു നേതാക്കളായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, ശരദ് യാദവ്, ജനതാദള്‍ സെക്കുലര്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ, എ.ഐ.എ.ഡി.എം.കെ നേതാവ് തമ്പിദുരൈ, ബി.ജെ.ഡി നേതാവ് ജയ് പാണ്ഡ എം.പി, ഝാര്‍ഖണ്ഡ് വികാസ് മഞ്ച് നേതാവ് ബാബുലാല്‍ മറാണ്ടി തുടങ്ങിയവര്‍ക്കൊപ്പം സാംസ്കാരിക പ്രവര്‍ത്തകരായ യു.ആര്‍. അനന്തമൂര്‍ത്തി, ശ്യാം ബെനഗല്‍, മല്ലിക സാരാഭായി എന്നിവരും ഇടതുനേതാക്കള്‍ക്കൊപ്പം കണ്‍വെന്‍ഷനില്‍ പങ്കെടുത്തു..

 

മതേതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുകയാണ് കണ്‍വെന്‍ഷന്‍റെ ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. മതേതര കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് എന്‍.സി.പി. ദേശീയ വക്താവ് ഡി.പി. ത്രിപാഠി സി.പി.എം. നേതൃത്വത്തിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.