അഴിമതിക്കേസില്‍ ജീവപര്യന്തം തടവ് വിധിക്കെതിരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നേതാവ് പൊ ശിലായി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ചൈനയിലെ ക്ഷോങ്ങ്ഛിങ്ങ് പ്രവിശ്യയുടെ മുന്‍ ഗവര്‍ണ്ണറും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന പൊ ശിലായി അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കേസുകളില്‍ കുറ്റക്കാരനെന്ന്‍ സെപ്തംബറില്‍ ഷാന്‍തോങ്ങിലെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. വിധിക്കെതിരെ ഇനി അപ്പീല്‍ നല്‍കാന്‍ കഴിയില്ല.
ഒരു ബ്രിട്ടിഷ് വ്യവസായിയുടെ കൊലപാതകത്തില്‍ ഭാര്യയുടെ പങ്ക് വെളിച്ചത്ത് വന്നതിനെ തുടര്‍ന്ന് 2012 മാര്‍ച്ചില്‍ ശിലായിയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന്‍ നീക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഭാര്യ കു ഖായ്ലായിക്ക് കോടതി കേസില്‍ വധശിക്ഷ വിധിച്ചിരുന്നെങ്കിലും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിട്ടുണ്ട്.
ജനപ്രിയ നേതാവായിരുന്ന ശിലായിയെ നവംബറിലെ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പായി സെപ്തംബറില്‍ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കുകയും 2013 ജൂലൈയില്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയുമായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനയിലെ പരമോന്നത അധികാരകേന്ദ്രമായ പാര്‍ട്ടി പോളിറ്റ്ബ്യൂറോയുടെ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയില്‍ ശിലായി എത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
എന്നാല്‍, ശിലായിയെ രാഷ്ട്രീയമായി ഇല്ലാതാക്കുന്നതിന് കെട്ടിച്ചമച്ച കേസാണിത് എന്നാണ് ശിലായിയുടെ അനുയായികള്‍ വിശ്വസിക്കുന്നത്. മാവോയിസ്റ്റ് കാലഘട്ടത്തിന് പ്രാധാന്യം കൊടുക്കുന്ന നടപടികള്‍ സ്വീകരിച്ചതാണ് ബീജിങ്ങിലെ പാര്‍ട്ടി നേതൃത്വത്തിന് ശിലായിയെ അനഭിമതനാക്കിയതെന്ന് കരുതപ്പെടുന്നു. 1989-ലെ തിയനന്‍മാന്‍ ചത്വരത്തിലെ പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള കാലയളവില്‍ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കപ്പെടുന്ന ഏറ്റവും ഉന്നത നേതാവുമാണ് ശിലായി.